24 മണിക്കൂറിനിടെ രാജ്യത്ത് 671 കൊവിഡ് മരണം, രോഗികള്‍ 34884


ദില്ലി: രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് ബാധിതരുടെ കണക്ക് ഉയരുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ മാത്രം 34884 പേര്‍ കൊവിഡ് ബാധിതരായെന്നാണ് കണക്ക്. 24 മണിക്കൂറിനിടെ 671കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവഡ് മരണം 26273 ആയി.
ഇന്ത്യയിലിതുവരെ 1038716 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. നിലവില്‍ 358692 പേര്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നുണ്ട്. 62.93 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക് . ഇന്നലത്തെ കണക്കനുസരിച്ച് രോഗമുക്തി നിരക്കില്‍ ഇന്ന് കുറഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ദ്ധനയെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ഇന്ത്യയിലെ കണക്ക്. 34177 ആയിരുന്നു ഇന്നലെ ബ്രസീലിലെ പ്രതിദിന വര്‍ദ്ധന.
രോഗബാധയുടെ തുടക്കത്തില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം ആകെ രോഗ ബാധിതരുടെ മുപ്പത് ശതമാനത്തിന് അടുത്ത് രോഗികള്‍ ഉണ്ടെന്നാണ് കണക്ക്.
അതേസമയം, ലോകത്ത് ഇതുവരെ 1.41 കോടിയിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 599,416 പേര്‍ മരണമടഞ്ഞു. 8,470,275 പേര്‍ രോഗമുക്തരായി. 5,124,448 പേര്‍ ചികിത്സയിലുണ്ട്. അമേരിക്കയില്‍ 37.7 ലക്ഷം പേര്‍ രോഗികളായി. 1.42 ലക്ഷം പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 20.48 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 77,900 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 7.59 ലക്ഷം രോഗികളും 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
പെറുവില്‍ 3.45 ലക്ഷം രോഗികളുണ്ട്. 12,700 ആണ് മരണസംഖ്യ. ദക്ഷിണാഫ്രിക്കയില്‍ 3.37 ലക്ഷം രോഗികള്‍ ഉണ്ട്. 4800 പേര്‍ ഇവിടെ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 3.30 ലക്ഷം പേരിലേക്ക് കൊവിഡ് എത്തി. 38000 പേര്‍ മരണമടഞ്ഞു. ചിലിയില്‍ 3.26 ലക്ഷം രോഗികളും 8,300 മരണങ്ങളുമായി. സ്‌പെയിനില്‍ 3.07 ലക്ഷമാണ് രോഗികള്‍. 28,000 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 2.93 ലക്ഷം രോഗികളും 45,200 പേര്‍ ഇതുവരെ മരണമടഞ്ഞു.

Post a Comment

0 Comments