ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,724 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,92,915 ആയി. 648 മരണങ്ങള് കൂടി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ മരണ സംഖ്യ 28,732 ആയി.
ഇതുവരെ 7,53,049 പേര് രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്ക്. ഐസിഎംആര്‍ രാവിലെ 9.30ന് പുറത്ത് വിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇന്നലെ വരെ 1,47,24,546 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. ഇന്നലെ 3,43,243 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
രോഗബാധിതരിലേറെയും മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിലാണ്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. ഗുജറാത്തില്‍ ഇന്നലെയാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.
എന്നാല്‍ രാജ്യത്ത് സാമൂഹിക വ്യാപനമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി പിന്നിട്ടു. 15,084,371 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 618,477പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 9,103,974 പേര് രോഗമുക്തി നേടി.
അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇന്നലെമാത്രം യു.എസില്‍ അറുപത്തി നാലായിരത്തില്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,028,569 ആയി ഉയര്‍ന്നു. മരണസംഖ്യ 144,953 ആയി. 1,885,670 പേര് രോഗമുക്തി നേടി.
0 Comments