പോലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം: മണല്‍വേട്ടക്ക് പോയ ബേക്കല്‍ പോലീസിന് കിട്ടിയത് 2 കിലോ കഞ്ചാവ്


ഉദുമ: പുലര്‍ച്ചെ മണല്‍വേട്ടക്കിറങ്ങിയ ബേക്കല്‍ എസ്.ഐ പി.അജിത്ത്കുമാറിനും സംഘത്തിനും ലഭിച്ചത് കഞ്ചാവ്.
മഞ്ചേശ്വരത്തുനിന്നും സ്‌കൂട്ടിയില്‍ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി കോഴിക്കോട് താമരശ്ശേരിയിലെ മാനവിനെയാണ് (19) ബേക്കല്‍ പോ ലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന താമരശ്ശേരി സ്വദേശി ഫസലുദ്ദീന്‍ തങ്ങള്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെ മണല്‍വേട്ടക്കിറങ്ങിയ എസ്.ഐയും സംഘവും പോലീസ് സ്റ്റേഷന് അല്‍പ്പം അകലെവെച്ച് നമ്പര്‍പ്ലേറ്റില്ലാതെ സ്‌കൂട്ടി വരുന്നതുകണ്ട് മണല്‍വണ്ടിക്കുള്ള എസ്‌കോര്‍ട്ടാണെന്ന് കരുതി തടഞ്ഞുനിര്‍ത്തുകയായിരുന്നു. വണ്ടി നിര്‍ത്തിയയുടന്‍ മാനവും ഫസലുദ്ദീന്‍ തങ്ങളും പോലീസിനെ അക്രമിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പോലീസ് സംഘം മാനവിനെ പിടികൂടിയെങ്കിലും തങ്ങള്‍ സ്‌കൂട്ടിയുടെ താക്കോലുമായി ഓടിരക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടിയുടെ സീറ്റ് പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ 2 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഇത് മഞ്ചേശ്വരത്തുനിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് മാനവ് പോലീസിനോട് വെളിപ്പെടുത്തി.
കര്‍ണ്ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് മഞ്ചേശ്വരത്തുനിന്നും കോഴിക്കോട്ടെക്കെത്തിക്കുന്ന സംഘത്തിന്റെ പ്രധാന സൂത്രധാരനാണ് പോലീസിന്റെ പിടിയില്‍ നിന്നും വഴുതിപോയ ഫസലുദ്ദീന്‍ തങ്ങള്‍. മാനവിനെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ സിവില്‍ ഓഫീസറായ വിപിന് നിസാരപരിക്കേറ്റു. എസ്‌ഐക്ക് പുറമെ എ.എസ്.ഐ അബൂബക്കര്‍, മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിപിന്‍, സുനീഷ്, ഡ്രൈവര്‍ ജയേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ലഹരിവേട്ടക്ക് സംസ്ഥാന പോലീസ് മേധാവി ലോഹനാഥ് ബെഹ്‌റയില്‍ നിന്നും പുരസ്‌കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് എസ്.ഐ അജിത്ത്കുമാര്‍ വീണ്ടും മയക്കുമരുന്ന് കടത്ത് പിടികൂടിയത്.

Post a Comment

0 Comments