16 കാരിയുടെ പീഡനം: ക്വിന്റലിനെതിരെ കടുത്ത കുറ്റം ചുമത്തും, നീലേശ്വരത്തെ ആശുപത്രിയും നിരീക്ഷണത്തില്‍


നീലേശ്വരം: തൈക്കടപ്പുറത്തെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും ആശുപത്രികളില്‍ പോലീസ് പരിശോധന നടത്തും.
പീഡനത്തിനിരയായ പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും നാലോളം ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അതുകൊണ്ടുതന്നെ ഗര്‍ഭഛിദ്രം നടത്തിയത് ഏത് ആശുപത്രിയില്‍ നിന്നാണെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ രേഖകളും പിടിച്ചെടുക്കണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
അതേസമയം പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴിയേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴികളിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ ക്വിന്റല്‍ മുഹമ്മദിനെതിരെ നിലവില്‍ ഉള്‍പ്പെടുത്തിയ വകുപ്പുകള്‍ക്ക് പുറമെ കടുത്ത വകുപ്പുകള്‍കൂടി ചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവിടാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. കേസ് ഏറെ സങ്കീര്‍ണ്ണമായതിനാല്‍ എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നും എല്ലാ പ്രതികളേയും അറസ്റ്റുചെയ്യുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദ് പറഞ്ഞു. ക്വിന്റല്‍ മുഹമ്മദ് കര്‍ണ്ണാടകയിലെ മടിക്കേരിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വളരെ ക്രൂരമായ രീതിയിലാണ് മടിക്കേരിയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിന് തെളിവെടുപ്പിനുമായി മടിക്കേരിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ഥലത്തേക്ക് അന്വേഷണസംഘത്തിന് പോകേണ്ടതുണ്ട്. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ണ്ണാടക യാത്രയ്ക്ക് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ മടിക്കേരിയിലെ തെളിവെടുപ്പ് വൈകിയേക്കും. എട്ടുപേര്‍ പ്രതികളായ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ്, ഞാണിക്കടവിലെ റിയാസ്, പുഞ്ചാവിയിലെ പി.പി.മുഹമ്മദലി, ഞാണിക്കടവിലെ പതിനേഴുകാരന്‍ എന്നിവര്‍മാത്രമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായ പടന്നക്കാട്ടെ ക്വിന്റല്‍ മുഹമ്മദ്, പടന്നക്കാട്ടെ അസീച്ച എന്നുവിളിക്കുന്ന അസി, ഷമീം, പെണ്‍കുട്ടിയുടെ മാതാവ് എന്നിവര്‍ ഇപ്പോഴും അറസ്റ്റിലാവാനുണ്ട്. മാതാവൊഴികെ മറ്റുള്ളവരെല്ലാം ഒളിവിലാണെന്ന് പോലീസ് പറയുന്നു. മടിക്കേരിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സ്ഥലത്ത് പോയി അന്വേഷണം നടത്തി കേസില്‍ മാതാവിനുള്ള പങ്ക് എന്താണെന്ന് വ്യക്തതവരുത്തിയശേഷം മാത്രമേ ഇവരെ അറസ്റ്റുചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. അതേസമയം പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയ ഡോക്ടര്‍ക്കെതിരെ കേസെടുക്കാനുള്ള തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും ആശുപത്രികളില്‍ മാറിമാറി പരിശോധന നടത്തിയിട്ടുള്ളതിനാല്‍ എവിടെവെച്ചാണ് ഗര്‍ഭഛിദ്രം നടത്തിയതെന്ന് സ്ഥിരീകരിക്കുകയും തെളിവ് കണ്ടെടുക്കുകയും ചെയ്തതിന് ശേഷമേ ഡോക്ടര്‍ക്കെതിരെ കേസെടുക്കാനാവൂവെന്നും പോലീസ് പറയുന്നു. കേസന്വേഷണത്തിന്റെ പ്രഥമഘട്ടത്തില്‍ വന്‍വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.

Post a Comment

0 Comments