കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡ് സിനിമാസ്റ്റൈലില്‍ വന്‍ ചീട്ടുകളി സംഘത്തെ പിടികൂടി. കളിക്കളത്തില്‍ നിന്നും പത്തുപേരെയും ഒന്നേമുക്കാല്‍ ലക്ഷം രൂപയും പിടിച്ചെടുത്തു.
മടിക്കൈ മുണ്ടോട്ടെ റബ്ബര്‍തോട്ടത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.ഷൈനും സംഘവും നാടകീയമായി ചീട്ടുകളി പിടികൂടിയത്. ചീട്ടുകളിക്കുകയായിരുന്ന മാങ്ങാട്ടെ റഷീദ്, എം.പ്രജീപന്‍ മുണ്ടോട്ട്, സി.അമീര്‍ ഞാണിക്കടവ്, ടി.അഷ്റഫ് മാണിക്കോത്ത്, കെ.അഖില്‍ ചതുരക്കിണര്‍, ഷമീര്‍ രാവണേശ്വരം, കെ.അനൂപ് ചതുരക്കിണിര്, ടി.പി.റഷീദ് കൂളിയങ്കാല്‍, നൗഷാദ് മാങ്ങാട്, കബിലാല് കോളിയടുക്കം, അഷ്റഫ് അതിഞ്ഞാല്‍, കെ.അഭിലാഷ് അടുക്കത്ത്പറമ്പ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. 1,72,000 രൂപയും ചീട്ടുകളിക്കാന്‍ ഉപയോഗിച്ച വസ്തുക്കളും കസ്റ്റഡിയിലെടുത്തു.
ജില്ലയിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവര്‍ ചീട്ടുകളിക്കാന്‍ എത്തുന്ന ചൂതാട്ടസംഘത്തിന്റെ തലവന്‍ അടുക്കത്ത് പറമ്പത്ത് സ്വദേശി അഭിലാഷാണ്. വര്‍ഷങ്ങളായി ഇവര്‍ പോലീസിനെ കബളിപ്പിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ചീട്ടുകളി നടത്തുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കളിയാണ് ഓരോദിവസം നടത്താറുള്ളത്. വ്യത്യസ്ത സ്ഥലങ്ങളില്‍ ചീട്ടുകളി നടത്തുന്നതിനാല്‍ പോലീസിന് ഇവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ക്രൈംസ്ക്വാഡ് രൂപീകരിച്ച് ദിവസങ്ങളോളം ഈ സംഘത്തെ നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഇവരെ വലയിലാക്കാന്‍ കഴിഞ്ഞത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ച് രാത്രി 12 മണിക്ക് തുടങ്ങിയ ഓപ്പറേഷന് പുലര്‍ച്ചെ 2 മണിവരെ നീണ്ടു. ഇന്‍സ്പെക്ടറും സംഘവും പ്രധാനറോഡില്‍ നിന്നും റബ്ബര്‍തോട്ടത്തില്‍ ഏറെ അകലെ ഒറ്റപ്പെട്ടുനില്ക്കുന്ന കെട്ടിടത്തില്‍ എത്താന്‍ ഏറെ പ്രയാസപ്പെട്ടു. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് ഇവര്‍ കെട്ടിടം വളഞ്ഞ് സംഘത്തെ പിടികൂടിയത്.
ഇന്‍സ്പെക്ടര്‍ക്ക് പുറമെ ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.പ്രബീഷ് കുമാര്‍, ഗിരീഷ്കുമാര്‍ നമ്പ്യാര്‍, സിവില്‍ പോലീസുകാരായ വിനയന്, ഡ്രൈവര്‍ അഭിലാഷ് എന്നിവരും സിഐയുടെ സംഘത്തിലുണ്ടായിരുന്നു.
0 Comments