ക്വാറന്റൈനിലായിരുന്ന പ്രവാസിയെ രാത്രി പുറത്താക്കിയതിനെതിരെ പോലീസില്‍ പരാതി


നീലേശ്വരം: ക്വാറന്റൈനിലായിരുന്ന പ്രവാസിയെ രാത്രി ലോഡ്ജ് മുറിയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ബന്ധുക്കള്‍ മുഖേന പ്രവാസി നീലേശ്വരം സിഐക്കും കാസര്‍കോടും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.
കുവൈത്തില്‍ നിന്നും ചൊവ്വാഴ്ച വൈകീട്ട് കണ്ണൂര്‍ എയര്‍പോര്‍ട്ടുവഴി നീലേശ്വരത്തെത്തിയ കടിഞ്ഞിമൂലയിലെ പ്രവാസിയെയാണ് രാത്രി നീലേശ്വരത്തെ ഒമേഗ ടൂറിസ്റ്റ്‌ഹോമില്‍ നിന്നും റിസപ്ഷനിസ്റ്റ് ഇറക്കിവിട്ടത്. ഇതേ ലോഡ്ജില്‍ താമസിച്ചിരുന്ന നീലേശ്വരം നഗരസഭയിലെ നാലോളം ജീവനക്കാരുടെ കടുത്ത സമ്മര്‍ദ്ദമാണ് ക്വാറന്റൈനില്‍ കഴിയേണ്ട പ്രവാസിയെ രാത്രി ലോഡ്ജില്‍ നിന്ന് ഇറക്കിവിടാന്‍ കാരണമത്രെ. മൂന്നാംകുറ്റിയില്‍ നിന്നും സാധനം വാങ്ങിക്കൊണ്ടുവന്ന് ആഘോഷിക്കുന്നതിനിടയില്‍ വെളിവില്ലാതെയാണ് ജീവനക്കാര്‍ റിസപ്ഷനിസ്റ്റിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കുവൈത്തില്‍ നിന്നും വന്ന പ്രവാസിക്ക് ക്വാറന്റൈനില്‍ കഴിയുന്നതിന് പ്രവാസിയുടെ ബന്ധുക്കള്‍ നേരത്തെതന്നെ ഒമേഗ ടൂറിസ്റ്റ്‌ഹോമില്‍ മുറി ബുക്ക് ചെയ്തിരുന്നു. ലഗേജുമായി മുറിയില്‍ കയറിയ ഉടനെയാണ് മുറികൊടുത്ത റിസപ്ഷനിസ്റ്റുതന്നെ മുറി ഒഴിയാന്‍ പ്രവാസിയോട് ആവശ്യപ്പെട്ടത്. മുനിസിപ്പല്‍ ജീവനക്കാരില്‍ പലരും ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും ഔദാര്യം സ്വീകരിക്കുന്നവരാണ്. മാര്‍ക്കറ്റില്‍പോയാല്‍ മീനും ഇറച്ചിയും ഫ്രീ. പച്ചക്കറികടയിലും തഥൈവ. ലോഡ്ജുകളിലും കാശുകൊടുക്കണമെന്നില്ല. അങ്ങനെയുള്ളവരാണ് പണംകൊടുത്ത് മുറി വാടകക്കെടുത്ത് ക്വാറന്റൈനില്‍ കഴിയാന്‍ വന്ന പ്രവാസിയെ രാത്രി പുറത്താക്കിയത്. പുറത്താക്കപ്പെട്ട പ്രവാസി രാത്രി മുഴുവന്‍ നീലേശ്വരം ബസ്റ്റാന്റില്‍ വാഹനത്തിലിരുന്നാണ് നേരം വെളുപ്പിച്ചത്.
ക്വാറന്റൈനില്‍ കഴിയാന്‍ വന്ന പ്രവാസിയെ പുറത്താക്കണമെന്ന് മുനിസിപ്പല്‍ ജീവനക്കാര്‍ റിസപ്ഷനിസ്റ്റിനോട് ആജ്ഞാപിച്ചുവെങ്കിലും ആദ്യം അതുകൂട്ടാക്കിയില്ല. പിന്നീട് ലോഡ്ജിന്റെ ലൈസന്‍സ് റദ്ദാക്കികളയുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് റിസപ്ഷനിസ്റ്റ് പ്രവാസിയെ പുറത്താക്കിയത്. മുമ്പ് ഇതിന്റെ നടത്തിപ്പ് നഗരസഭാ കൗണ്‍സിലര്‍ രതീഷിനായിരുന്നു. കൊവിഡ് തുടങ്ങിയതോടെ രതീഷ് ഒമേഗയില്‍ നിന്നും ഒഴിവായി. പണം കൊടുത്ത് ക്വാറന്റൈനില്‍ കഴിയാന്‍ വന്ന പ്രവാസിയായ ദളിതനെ അപമാനിച്ച് പുറത്താക്കിയ സംഭവം അധികൃതര്‍ ഗൗരവമായെടുത്തിട്ടുണ്ടെന്നാണ് സൂചന. പുറത്താക്കപ്പെട്ട പ്രവാസിക്ക് ഇന്നലെ രാവിലെ ബന്ധുക്കള്‍ ആളുകളെ ഒഴിപ്പിച്ച് ഒരു വീട് ഏര്‍പ്പാടാക്കിക്കൊടുത്തു.

Post a Comment

0 Comments