മടിക്കൈ : സ്മാര്‍ട്ട് ഫോണും, ടെലിവിഷനുമുണ്ടായിട്ടും, സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇന്റര്‍നെറ്റിന്റെ അഭാവത്തില്‍ താളം തെറ്റുന്നു.
ബി.എസ്.എല്ലിനെ ആശ്രയിച്ചാണ് മടിക്കൈയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ നെറ്റ് ഉപയോഗിക്കുന്നത്.
എന്നാല്‍ മതിയായ റെയ്ഞ്ചില്ല. കാഞ്ഞിരപ്പൊയില്‍, ചാളക്കടവ്, മുണ്ടോട്ട്, ചുണ്ട തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം ഓണ്‍ലൈന്‍ ക്ലാസ് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. പല പ്രദേശങ്ങളിലും ടെലിഫോണ്‍ വിളിച്ചാല്‍ പോലും കിട്ടാത്ത സന്ദര്‍ഭങ്ങളുമുണ്ട്. മതിയായ റെയ്ഞ്ച് കൂട്ടണമെന്ന നാട്ടുകാരുടെ പരാതിക്ക് പത്തു വര്‍ഷത്തെ പഴക്കമുണ്ട്. ജില്ലയില്‍ തന്നെ ഏറ്റവും നല്ല പ്രസരണ ശേഷിയുള്ള ടവറാണ് പൂത്തക്കാല്‍ സ്ഥിതി ചെയ്യുന്നത്. ഏച്ചിക്കാനം എക്സ്ചേഞ്ചിന്റെ അടുത്താണിത്.
സമീപ പ്രദേശങ്ങളിലെ മറ്റു ടവറുകള്‍ക്ക് ഹോട്ട് സ്പോട്ടായി ഈ ടവറാണ് ഉപയോഗിക്കുന്നത് എന്ന് അധികൃതര്‍ പറയുമ്പോഴും തൊട്ടടുത്ത പ്രദേശങ്ങളില്‍ എന്തുകൊണ്ട് റെയ്ഞ്ച് കിട്ടുന്നില്ല എന്നതിന്ന് ഉത്തരമില്ല.
സ്വകാര്യ ടവര്‍ കമ്പനികള്‍ പൂത്തക്കാല്‍, കാഞ്ഞിരപ്പൊയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ടവര്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയാണുണ്ടായത്.
0 Comments