ബ്ലോക്ക് കോണ്‍ഗ്രസ് പുന:സംഘടന മാനദണ്ഡം ലംഘിച്ചെന്ന് വ്യാപക പരാതി


കാഞ്ഞങ്ങാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിന് മുമ്പായി കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പുനസംഘടിപ്പിക്കുന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് മുതിര്‍ന്ന നേതാക്കളുടെ പരാതി.
ജൂണ്‍ 20ന് വൈകുന്നേരത്തോടുകൂടി നിലവിലെ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മാര്‍ക്ക് കെ.പി.സി.സി പ്രസിഡണ്ടും, ഡി.സി.സി പ്രസിഡണ്ടും ഒപ്പിട്ട പുന:സംഘടനാ ലിസ്റ്റ് കൈമാറി. കെ.പി. സി.സിയുടെ മാനദണ്ഡപ്രകാരം നാല് വൈസ് പ്രസിഡണ്ടുമാര്‍, ഇരുപത് ജനറല്‍ സെക്രട്ടറിമാര്‍ 10 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പ്രസിഡണ്ട്, ട്രഷറര്‍ ഉള്‍പ്പെടുന്നതാണ് ബ്ലോക്ക് കമ്മിറ്റി. എ.ഐ ഗ്രൂപ്പുകള്‍ വീതം വെച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. നിലവില്‍ പ്രഖ്യാപിച്ച ലിസ്റ്റില്‍ ഓരോ ബ്ലോക്കിലും തോന്നുംപോലെയാണ് ഭാരവാഹികളുടെ എണ്ണം. മുപ്പതിലധികം ജനറല്‍ സെക്രട്ടറിമാര്‍ ആറിലധികം വൈസ് പ്രസിഡണ്ടുമാര്‍വരെയുള്ള ബ്ലോക്ക് കമ്മിറ്റിപോലും ജില്ലയില്‍ ഉണ്ടെന്നാണ് ആരോപണം. നിലവിലെ ലിസ്റ്റില്‍ ഓരോ ബ്ലോക്കിലെയും ഗ്രൂപ്പ് നേതാക്കള്‍ കഴിവും, സൗകര്യവും പ്രവര്‍ത്തന പരിചയവുമുള്ള പ്രവര്‍ത്തകരെ കണ്ടെത്തിയാണ് ഭാരവാഹി പട്ടിക തയ്യാറാക്കി മേല്‍ കമ്മിറ്റിക്ക് കൈമാറിയത്. അത് ഡി.സി.സിയില്‍ എത്തിയപ്പോള്‍ അര്‍ഹാരായ പലരെയും വെട്ടിമാറ്റി ഇഷ്ട്ടപ്പെട്ടവരെ തിരുകികയറ്റി പട്ടിക അട്ടിമറിക്കുകയായിരുന്നുവത്രെ. ഇതിനെതിരെയാണ് നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.
ഡി. ഐ.സിയില്‍ നിന്നും ചേക്കേറി വന്ന് 'എ' ഗ്രൂപ്പിന്റെ വക്താവ് ചമഞ്ഞ് 'ഐ' ഗ്രൂപ്പിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഒരു ജില്ലാ ഭാരവാഹിയാണ് ലിസ്റ്റ് തിരുത്തിയതെന്ന് അസംതൃപ്തര്‍ പറയുന്നു. ഇതിനു പിന്നില്‍ അനധികൃത ഇടപാടുകളും നടന്നിട്ടുണ്ടെത്രെ. ഇദ്ദേഹത്തിന്റെ ചരടുവലികളില്‍ അസംതൃപ്തരായ ജില്ലയിലുടനീളമുള്ള ഒരുവിഭാഗം ഗ്രൂപ്പ് വ്യത്യാസമില്ലാത്ത ഭാരവാഹികള്‍ പാര്‍ട്ടിയുടെ സജീവ അംഗത്വം രാജിവെയ്ക്കാന്‍ ഒരുങ്ങുകയാണ്. മാനദണ്ഡം ലംഘിച്ച ലിസ്റ്റ് എന്ന നിലയില്‍ ഇത്പ്രഖ്യാപിക്കാന്‍ പ്രയാസമുണ്ടെന്ന് പല ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരും മുതിര്‍ന്ന നേതാക്കളെ അറിയിച്ചു കഴിഞ്ഞു.

Post a Comment

0 Comments