നീലേശ്വരം: റോഡ് നവീകരണത്തിനും വളവ് നികത്താനുമായി മണ്ണെടുത്തത് ഒരുപ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ജീവന് ഭീഷണിയായി.
അരയാകടവ് -മുക്കട റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ചെറുംപെരിങ്കുളം വളവില്‍ മണ്ണിടിച്ച ഭാഗമാണ് ഏതുസമയത്തും ഇടിയാന്‍ പാകത്തില്‍ അപകട ഭീഷണിയിലായിരിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ഇവിടെ വന്‍തോതില്‍ കുന്നിടിഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ മാറിത്താമസിക്കുകയാണ് ചെയ്തത്.
റോഡ് നിര്‍മ്മാണത്തിന് കരാറെടുത്തവര്‍ അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകട ഭീഷണിക്ക് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. മഴ ശക്തിപ്പെടുംമുമ്പ് ഇവിടെ കല്ല് പാകി അരികുകെട്ടിയില്ലെങ്കില് ഈ വര്‍ഷവും ജനങ്ങള്‍ക്ക് വീട്മാറി താമസിക്കേണ്ട ഗതികേടിലാവും.
മണ്ണെടുക്കുമ്പോള്‍ തന്നെ പരിസരവാസികള്‍ ഇതിന്റെ അപകടാവസ്ഥയെകുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതൊന്നും ഗൗനിക്കാതെ നിര്‍ബാധം അശാസ്ത്രീയമായി കുന്നിടിച്ച് മണല്‍കടത്തി കിനാനൂര്‍ വയലില്‍ റോഡുണ്ടാക്കാനായി മണ്ണിട്ട് നികത്തുകയായിരുന്നു. ഈ കാലവര്‍ഷത്തിലും കുന്നിടിഞ്ഞാല്‍ മണ്ണും ചെളിയും തൊട്ടടുത്തുള്ള വയലേക്കാവും എത്തുക. ഇത് കൃഷി നാശത്തിനും കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
0 Comments