'ആപ്പ് ' ബിവറേജസ് കോര്‍പ്പറേഷന്, ടോക്കണെല്ലാം ബാറുകളിലേക്ക്


നീലേശ്വരം : ബിവറേജസ്, കണ്‍സ്യുമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലെ ജീവനക്കാര്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്കായി വഴിക്കണ്ണുമായി കാത്തിരിക്കെ, ബാറുകള്‍ക്കു മുന്നില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക്. മദ്യം ബുക്ക് ചെയ്യുന്നവരെ ബെവ്ക്യു ആപ്പ് ടോക്കണ്‍ നല്‍കി കൂട്ടത്തോടെ ബാറുകളിലേക്കു പറഞ്ഞയയ്ക്കുമ്പോള്‍ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകള്‍ക്കു വന്‍ നഷ്ടം. ഇവര്‍ക്ക് ആപ്പ് ശരിക്കും ആപ്പായപ്പോള്‍ ബാറുകള്‍ കൊയ്യുന്നതു ചാകര.
ലോക്ക്ഡൗണില്‍ മദ്യവില്‍പ്പന നിലച്ചതോടെ കാലിയായ ഖജനാവില്‍ പണമെത്തിക്കാനായാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രയോജനപ്പെടുത്തി മദ്യവിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ക്കൊപ്പം ബാറുകളിലും മദ്യം പാഴ്‌സലായി വില്‍ക്കാന്‍ അനുമതി നല്‍കി. ആദ്യം ബിവറേജസ്, കണ്‍സ്യുമഫെഡ് ഔട്ട്‌ലെറ്റുകളിലേക്കു ടോക്കണ്‍ നല്‍കണമെന്നും ബാറുകള്‍ അതിനു ശേഷം മതിയെന്നുമാണ് ബെവ്ക്യു ആപ്പ് തയാറാക്കിയ ഫെയര്‍കോഡ് കമ്പനിയോടു നിര്‍ദേശിച്ചത്. നടക്കുന്നതാകട്ടെ നേരേ മറിച്ച്.
ടോക്കണുകളില്‍ ഭൂരിപക്ഷവും ബാറുകളിലേക്കാണ്. സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളിലേക്ക് ആളുകള്‍ തീരെ കുറവ്. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഈ ഔട്ട്‌ലെറ്റുകള്‍ക്കു കിട്ടിയത് 49,000 എണ്ണം മാത്രം. ബെവ്‌കോ ഔട്ട്‌ലറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞു. ആപ്പ് ഇങ്ങനെ തുടര്‍ന്നാല്‍ ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടിവരുമെന്നും ജീവനക്കാര്‍ പരാതിപ്പെട്ടതോടെ ബെവ്‌കോ എം.ഡി. സ്പര്‍ജന്‍ കുമാര്‍ ഫെയര്‍കോഡിനോടും സ്റ്റാര്‍ട്ടപ് മിഷനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഉപഭോക്താവ് റജിസ്റ്റര്‍ ചെയ്യുന്ന പിന്‍കോഡ് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്കു കമ്പ്യൂട്ടര്‍ സംവിധാനമാണ് ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നത് എന്നാണ് ആപ്പ് കമ്പനി നല്‍കിയ മറുപടി. ഇതു സംബന്ധിച്ച് സര്‍ക്കാരും വിശദീകരണം തേടിയേക്കും. ബാറുകളില്‍ മുന്തിയ ഇനം മദ്യം മാത്രമാണു നല്‍കുന്നതെന്നും പരാതി വ്യാപകമാണ്. വില കേട്ടു ഞെട്ടി വാങ്ങാന്‍ പണമില്ലാതെ മടങ്ങുന്നവരും നിരവധിയാണ്.

Post a Comment

0 Comments