മെട്രോഹാജിയുടെ നില മാറ്റമില്ലാതെ തുടരുന്നു


കാഞ്ഞങ്ങാട്: കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മെട്രോമുഹമ്മദ്ഹാജിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
ഏതാനും ദിവസം മുമ്പെ മെട്രോഹാജിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഗള്‍ഫിലെ ബിസിനസുകാരായ മക്കള്‍ മുജീബും ജലീലും മറ്റ് ബന്ധുക്കളും മൈത്ര ഹോസ്പിറ്റലിലുണ്ട്. വിദഗ്ധ ചികിത്സക്ക് വിദേശത്തേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ആലോചിച്ചുവെങ്കിലും വിദേശത്ത് കൊണ്ടുപോയാലും ഇതേ ചികിത്സതന്നെയാണ് കിട്ടുകയെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചതിനാല്‍ അത് ഉപേക്ഷിക്കുകയാണുണ്ടായത്.
മെയ് 12 നാണ് ഹാജിയെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ഏതാനും ദിവസം മുമ്പ് അസ്വസ്ഥത ഉണ്ടായിരുന്നുവെങ്കിലും പ്രാദേശികമായി ഡോക്ടറെകണ്ട് മരുന്ന് വാങ്ങുകയാണുണ്ടായത്. വിദഗ്ധ പരിശോധനകള്‍ നടത്തിയിരുന്നില്ല. മെയ് 12 ന് രക്തം ഛര്‍ദ്ദിച്ചതോടെയാണ് ചാലയിലെ മിംസ് ആശുപത്രിയില്‍ ചികിത്സതേടിയത്. ശസ്ത്രക്രിയയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അര്‍ബുദരോഗം പിടിപെട്ടതായി കണ്ടെത്തി.
ഉയര്‍ന്ന പ്രമേഹ രോഗം ഉണ്ടായിരുന്നതിനാല്‍ കലശലായ വേദന അനുഭവപ്പെട്ടിരുന്നില്ല. അതേസമയം രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവക്ക് ഇടക്കിടെ ടെസ്റ്റുകള്‍ നടത്തിയിരുന്നു. ഇതിനിടയില്‍ മെട്രോഹാജിയെ ബാധിച്ച അര്‍ബുദരോഗം കണ്ടെത്താന്‍ കഴിഞ്ഞില്ല.

Post a Comment

0 Comments