രാജ്യത്ത് കോവിഡ് സമൂഹ വ്യാപനമായി


ന്യൂഡല്‍ഹി: കോവിഡ് സമൂഹവ്യാപനം രാജ്യത്തുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും അത് അംഗീകരിക്കാന്‍ തയാറാകാതെ ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് വലിയ തോതില്‍ സമൂഹവ്യാപനം ഉണ്ടായതായി പകര്‍ച്ചവ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡെമിറ്റോളജിസ്റ്റ്‌സ് എന്നീ സംഘടനകളാണ് കേന്ദ്ര നടപടികളെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ഒരു പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മോഡലിന്റെ ചുവടുപിടിച്ചാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും ഇവര്‍ വിമരര്‍ശിക്കുന്നു. ഇത്തരം സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ രോഗവ്യാപനത്തെക്കുറിച്ച് ധാരണയുള്ള പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധരുമായും മറ്റും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പ്രതിരോധ സംവിധാനം കൂടുതല്‍ ഫലപ്രദമാകുമായിരുന്നു.
ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിച്ചു വൈദഗ്ധ്യമില്ലാത്ത ചില അക്കാദമിക് വിദഗ്ധര്‍, പൊതുസംവിധാനത്തില്‍നിന്നു ലഭിക്കുന്ന പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഉപദേശങ്ങളാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ സ്വീകരിച്ചത്. ഭരണാധികാരികള്‍ ചില ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതിന്റെ വിലയാണ് ഇപ്പോള്‍ രാജ്യം നല്‍കേണ്ടിവരുന്നതെന്നും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണം, പൊതുആരോഗ്യം, പ്രതിരോധമരുന്ന്, സാമൂഹിക സേവനം എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുമായി ചര്‍ച്ച നടത്തണമായിരുന്നു. ഗവേഷകര്‍, പൊതുആരോഗ്യ വിദഗ്ധര്‍ പൊതുജനങ്ങള്‍ എന്നിവരുമായി സുതാര്യമായി വിവരങ്ങള്‍ പങ്കുവയ്ക്കണം. എന്നാല്‍ അത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂരിഭാഗം കേസുകളും ലക്ഷണങ്ങളില്ലാത്തതോ കുറച്ചു ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയതിനാല്‍ ആശുപത്രി ചികിത്സയേക്കാള്‍ വീടുകളില്‍ ചികിത്സ ലഭ്യമാക്കുന്നതാണ് ഉചിതമെന്നും ഇവര്‍ വ്യക്തമാക്കുന്നു. രോഗവ്യാപനം ചെറിയതോതിലായിരുന്ന ആദ്യഘട്ടത്തില്‍ത്തന്നെ അതിഥിതൊഴിലാളികളെ നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമായിരുന്നു. ഇപ്പോള്‍ മടങ്ങിപ്പോകുന്നവര്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും രോഗം എത്തിക്കുകയാണ്. ഇത് ഒഴിവാക്കണമായിരുന്നു. പൊതുആരോഗ്യ സംവിധാനം ദുര്‍ബലമായ ഗ്രാമീണമേഖലകളില്‍ ഇത്തരത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മറ്റു ചികിത്സ തേടിയിരുന്നവര്‍ക്കു തിരിച്ചടിയായി.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തി ജില്ലാ തലത്തില്‍ രോഗനിയന്ത്രണം സാധ്യമാക്കണം. രോഗവ്യാപനമുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിക്കൊണ്ടു പൊതു ലോക്ഡൗണ്‍ ഒഴിവാക്കണം. പരിശോധന, കണ്ടെത്തല്‍, നിരീക്ഷണം, ഐസലേറ്റ് ചെയ്യല്‍ തുടങ്ങിയ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. സെന്റിനല്‍ നിരീക്ഷണത്തിലൂടെ ഹോട്‌സ്‌പോട്ടുകളും ക്ലസ്റ്ററുകളും കൃത്യമായി കണ്ടെത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്.

Post a Comment

0 Comments