മെട്രോഹാജിയുടെ വേര്‍പാടിന് ശേഷം ചേര്‍ന്ന ആദ്യ പഞ്ചായത്ത് ലീഗ് യോഗം അലങ്കോലമായി


മാണിക്കോത്ത്: മെട്രോഹാജിയുടെ വേര്‍പാടിന് ശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത അജാനൂര്‍ പഞ്ചായത്ത് മുസ്ലീംലീഗ് യോഗം വാക്കേറ്റവും ബഹളവും മൂലം അലങ്കോലമായി.
ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നും അജാനൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുന്നതിന് ആവിഷ്‌ക്കരിക്കേണ്ട തന്ത്രങ്ങള്‍ മെനയാനാണ് മാണിക്കോത്തെ ലീഗ് ഹൗസില്‍ പഞ്ചായത്തിലെ മുസ്ലീംലീഗ് എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളുടേയും വാര്‍ഡ് പ്രസിഡണ്ട്, സെക്രട്ടറിമാരുടേയും പോഷകസംഘടനാഭാരവാഹികളുടെയും യോഗം വിളിച്ചുചേര്‍ത്തത്. പഞ്ചായത്തിലെ ഓരോ വാര്‍ഡിലേയും പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ 21-ാം വാര്‍ഡിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ഇതിനിടയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് ജംഷീര്‍ തന്റെ വാര്‍ഡില്‍ രണ്ട് മണ്ഡലം നേതാക്കളുണ്ടെങ്കിലും യോഗം വിളിക്കുകയോ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ലെന്ന് ആരോപിച്ചു.
മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹിമാന്‍ പതിനാലാമനും ട്രഷറര്‍ സി.എം.ഖാദര്‍ഹാജിയും 21-ാം വാര്‍ഡില്‍പ്പെട്ടവരാണ്. ഇവരെ പരാമര്‍ശിച്ചായിരുന്നു ജംഷീറിന്റെ ആരോപണം. ഇത് കേട്ടപാടെ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹിമാന്‍ പൊട്ടിത്തെറിച്ചുവെന്ന് മാത്രമല്ല കൊടുങ്ങല്ലൂര്‍ ഭരണിക്കും ശാലിയപൊറാട്ടിനും ഉപയോഗിക്കുന്ന പദങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു. ഇതില്‍ പല വാക്കുകളും സാധാരണക്കാരായ ലീഗുകാര്‍ക്ക് പരിചിതമല്ലായിരുന്നു. എങ്കിലും ഒരു യോഗത്തില്‍ പറയാന്‍ കൊള്ളാത്ത വാക്കുകളാണ് പതിനാലാമന്‍ ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും മനസ്സിലായി.
പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡണ്ട് മുബാറക് ഹസൈനാര്‍ഹാജിയായിരുന്നു യോഗാധ്യക്ഷന്‍. അദ്ദേഹത്തിന് പതിനാലാമനെ നിയന്ത്രിക്കാനായില്ല. യോഗഹാളില്‍ ഉണ്ടായിരുന്ന സി.മുഹമ്മദ്കുഞ്ഞി, എ.ഹമീദ്ഹാജി, തെരുവത്ത് മൂസഹാജി എന്നിവരും സംഭവത്തില്‍ ഇടപെട്ടില്ല. ഏറെനേരം കഴിഞ്ഞാണ് പതിനാലാമന്‍ തണുത്തത്. യോഗത്തില്‍ സംബന്ധിച്ച ഭൂരിപക്ഷം ആളുകളും അബ്ദുള്‍റഹിമാന്റെ ഭരണിപ്പാട്ടിനോട് യോജിച്ചില്ല. എന്നാല്‍ ബഷീര്‍ വെള്ളിക്കോത്ത് പതിനാലാമനെ പിന്തുണയ്ക്കുകയായിരുന്നു.
പതിനഞ്ചാം വാര്‍ഡില്‍ മുസ്ലീംലീഗ് വിരുദ്ധന് മെട്രോഹാജിയുടെ പേരില്‍ വീടുവെച്ചുകൊടുക്കുന്നതായും യോഗത്തില്‍ ആരോപണം ഉയര്‍ന്നു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍, കെ.എം.സി.സി നേതാവ് എം.എം.നാസര്‍ എന്നിവര്‍ക്ക് നേരെയാണ് ഇതുസംബന്ധിച്ച് ആരോപണം ഉയര്‍ന്നത്. മെട്രോഹാജി ജീവിച്ചിരിക്കുമ്പോള്‍ ജ്യേഷ്ഠന്റെ പുതിയാപ്ല എന്ന നിലയില്‍ അബ്ദുള്‍റഹിമാന്‍ പതിനാലാമന്‍ അധികാരങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ചിരുന്നു. ആരും എതിര്‍ക്കാനുണ്ടായില്ല. ഇനി അത് നടക്കില്ലെന്നാണ് പഞ്ചായത്തിലെ ഒരുവിഭാഗം മുസ്ലീംലീഗുകാരുടെ നിലപാട്. യോഗത്തിന്റെ തുടക്കത്തില്‍തന്നെ മുസ്ലീംലീഗ് ദേശീയകൗണ്‍സില്‍ അംഗം എ.ഹമീദ്ഹാജിയും മെട്രോഹാജിയുടെ വലംകൈയായി പ്രവര്‍ത്തിച്ച ബഷീര്‍ വെള്ളിക്കോത്തും വേദിയിലിരിക്കാതെ പ്രവര്‍ത്തകരോടൊപ്പം സദസ്സിലാണ് ഇരുന്നത്. ഇതിലും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍ അബ്ദുള്‍റഹിമാന്‍ പതിനാലാമന്‍ സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് പ്രസിഡണ്ടാവാനും നീക്കം തുടങ്ങിയതായി സൂചനയുണ്ട്. മാട്ടുമ്മല്‍ മുഹമ്മദ്ഹാജിയുടെ മകന്‍ ബഷീറാണ് നിലവില്‍ ഇവിടെ പ്രസിഡണ്ട്.
ഇന്നലെ വൈകീട്ട് അഞ്ചുമണിക്ക് മാണിക്കോത്ത് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം 6.55 ന്റെ മഗ്‌രീബിനുള്ള ബാങ്ക് വിളിയും കഴിഞ്ഞ് 8 മണിക്കാണ് അവസാനിച്ചത്. പഞ്ചായത്തിലും മണ്ഡലത്തിലും ഇനി ചേരുന്ന യോഗങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാവാനാണ് സാധ്യത.

Post a Comment

0 Comments