രാജപുരം : പനത്തടി പഞ്ചായത്തിലെ ആദിവാസി വിഭാഗത്തില്‍പെടുന്ന എന്‍ഡോസള്‍ഫാന്‍ രോഗിയുടെ രണ്ട് ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി മലയോരത്ത് വിവാദമായി.
പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ പ്രാന്തര്‍കാവ് കറുവാട് വീട്ടില്‍ കല്യാണിയുടെ മകന് ഗിരീഷിന്റെ പണമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തത്. 90% എന്‍ഡോസള്‍ഫാന്‍ രോഗബാധിതനാണ് ഗിരീഷ്. ഇയാള്‍ക്ക് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ നിന്നും മൂന്ന് ലക്ഷം രൂപ ചികിത്സക്ക് ചെലവഴിച്ചു. ബാക്കിവന്ന തുക ചുള്ളിക്കര സിന്‍ഡിക്കേറ്റ് ബാങ്കില്‍ സ്ഥിരമായി നിക്ഷേപിച്ചിരുന്നു. ഈ തുകയാണ് സ്നേഹം നടിച്ച് മോഹന വാഗ്ദാനങ്ങള്‍ നല്കി യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത്, യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് സന്തു ടോം എന്നിവര്‍ 2019 ജൂലൈ 12ന് ബാങ്കില്‍നിന്ന് പിന്‍വലിപ്പിച്ച് പണം കൈപ്പറ്റിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഗിരീഷിന്റെ മാതാവ് കല്യാണി കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചു. എന്നാല്‍ അവര്‍ പണം വാങ്ങി കൊടുക്കാന്‍ തയ്യാറായില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന് ജോസഫും പ്രശ്നത്തില്‍ ഇടപെട്ട് ചര്‍ച്ച നടത്തി പണം തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നു. എങ്കിലും ഇതുവരെയായും പണം തിരിച്ചു നല്‍കിയില്ല. പണം വാങ്ങിയിട്ട് 11 മാസം പിന്നിട്ടിട്ടും പണം തിരികെ നല്‍കാത്ത സംഭവമറിഞ്ഞ് ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ.രാമനും സംഘവും കഴിഞ്ഞ ദിവസം കല്യാണിയുടെ വീട്ടിലെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. അതേസമയം കല്യാണിക്ക് പലിശ കൊടുക്കാനെന്ന് പറഞ്ഞ് സന്തു ടോമില്‍ നിന്നും ഇടനിലക്കാരന് ഓരോമാസവും 20,000 രൂപവീതം വാങ്ങിയിരുന്നതായി ആരോപണമുണ്ട്. എന്നാല്‍ തനിക്ക് പലിശ തന്നിട്ടില്ലെന്നും ഇനിയാണെങ്കിലും മുതല്‍മാത്രം കിട്ടിയാല്‍ മതിയെന്നുമാണ് കല്യാണിയുടെ നിലപാട്.
ഇന്നലെ പി.കെ.രാമനും നോയല്‍ ടോം ജോസഫും തമ്മില്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ ജുലൈ 31 നകം തുക നല്കാന് ധാരണയായിട്ടുണ്ട്. കൊടുത്ത പണത്തിന് ഈടായി ബ്ലാങ്ക് ചെക്കും വാഹനത്തിന്റെ ആര്‍സി ബുക്കും കല്യാണി വാങ്ങിവെച്ചിട്ടുണ്ട്.
0 Comments