സമൂഹവ്യാപനഭീതി: കണ്ടൈന്‍മെന്റ് സോണുകളില്‍ നിരീക്ഷണം ശക്തമാക്കി


കണ്ണൂര്‍: സമൂഹവ്യാപനം സംശയിക്കുന്ന കണ്ണൂരില്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ അതീവ ജാഗ്രത. ധര്‍മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാര്‍ഡുകളും പോലീസ് പൂര്‍ണമായും അടച്ചു. ആളുകള്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
ധര്‍മ്മടത്ത് 21 അംഗ കുടുംബത്തിലെ പതിമൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇതിന്റെ ഉറവിടം കണ്ടെത്താത്തുമാണ് ജില്ലിയില്‍ സമൂഹവ്യാപനമെന്ന ആശങ്കക്കിടയാക്കിയത്. ഈ കുടുംബത്തിലെ ആളുകളുമായി സമ്പര്‍ക്കമുണ്ടായ രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചു.
ധര്‍മ്മടത്തെ കുടുംബത്തിലെ ആളുകള്‍ ജോലി ചെയ്ത തലശ്ശേരിയിലെ മത്സ്യമാര്‍ക്കറ്റാണോ രോഗത്തിന്റെ ഉറവിടം എന്ന സംശയം ആരോഗ്യ വകുപ്പിനുണ്ട്. മത്സ്യമാര്‍ക്കറ്റുള്‍പ്പെടുന്ന രണ്ട് വാര്‍ഡുകളും, മുഴപ്പിലങ്ങാട്, ധര്‍മ്മടം പഞ്ചായത്തുകളും പോലീസ് അടച്ചു.
229 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കണ്ണൂരില്‍ 103 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമായി വന്ന പതിമൂന്നായിരത്തിലേറെ ആളുകള്‍ കണ്ണൂരില്‍ നിരീക്ഷണത്തിലുണ്ട്.
ഇവരില്‍ മുബൈയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധ കൂടുതല്‍. ഇരുപത്തിയാറ് തദ്ദേശ സ്ഥാപനങ്ങള്‍ ഹോട്ട് സ്‌പോട്ടുകളാണ്. വരും ദിവസങ്ങളില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ജില്ലയില്‍ നിരോധനാഞ്ജ ഏര്‍പ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ട്. ആളുകള്‍ ജാഗ്രതയോടെയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് ജില്ലാഭരണകൂടം.

Post a Comment

0 Comments