കാഞ്ഞങ്ങാട്: എസ്.എന്‍ .ഡി.പിയുടേയും തിയ്യ മഹാസഭയുടേയും ഭീഷണിയെ തുടര്‍ന്ന് 'തിയ്യരും ഹിന്ദുവല്‍ക്കരണവും' എന്ന പേരില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍സ്റ്റോറി പിന്‍വലിച്ചു. പേരാമ്പ്ര ഗവ. കോളേജ് ചരിത്രവിഭാഗം അസി. പ്രൊഫസറും ഗവേഷകനുമായ പി.ആര് ഷിത്തോര്‍ എഴുതിയ ലേഖനം തിയ്യ വിഭാഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ലേഖകനെ ചിലര്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിതിരുന്നു.
തീയ സമുദായം എങ്ങനെയാണ് ഹിന്ദുവല്ക്കരിക്കപ്പെട്ടത് എന്നതിനെ ചരിത്ര രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തയ്യാറാക്കിയതായിരുന്നു ലേഖനമെന്നും തിയ്യ വിഭാഗങ്ങള്‍ അനുഭവിച്ച പീഡനങ്ങളും ചൂഷണങ്ങളും രേഖപ്പെടുത്താനാണ് ലേഖനത്തിലൂടെ ശ്രമിച്ചതെന്നും പി.ആര് ഷിത്തോര്‍ പറഞ്ഞു.
എന്നാല്‍ അന്നത്തെ സാമൂഹിക പിന്നോക്കാവസ്ഥയും ചൂഷണവും വെളിപ്പെടുത്തുന്ന വസ്തുതകളെ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത് ഏറെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും അതുകൊണ്ട് തന്നെ ലേഖനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയാണെന്നുമായിരുന്നു ഷിത്തോര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കവര്‍ സ്റ്റോറി തിയ്യ സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കാട്ടി എസ്.എന്‍. ഡി.പിയും തിയ്യ മഹാസഭയും ശനിയാഴ്ച കോഴിക്കോട് ചന്ദ്രികാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു. തിയ്യ സമുദായത്തിലെ സ്ത്രീകളെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണ് ലേഖനമെന്നാണ് ഇവരുടെ വാദം. ചന്ദ്രിക ആഴ്ചപ്പതിപ്പിനെതിരെയും ലേഖകനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ജൂണ്‍ 20ന് പ്രസിദ്ധീകരിച്ച ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് തിയ്യരും ഹിന്ദുവല്‍ക്കരണവും എന്ന പേരില്‍ ഷിത്തോറിന്റെ കവര്‍സ്റ്റോറി.
പാരമ്പര്യവും കീഴാള സമുദായങ്ങളോട് എന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പോരുന്ന ചന്ദ്രിക സ്ഥാപനങ്ങളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടും എസ്.എന്‍.ഡി.പി, തിയ്യമഹാസഭ എന്നിവരുടെ പ്രസ്താവന കണക്കിലെടുത്തും മൊത്തത്തിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥയുടെ പശ്ചാത്തലത്തില്‍ ലേഖനം സ്വമേധയാ നീക്കാന്‍ ആവശ്യപ്പെട്ടതായും.അതിനാല്‍ കൂടുതല്‍ വിവാദങ്ങളിലേക്കു മാറുന്നതിനു മുന്നേ ലേഖനം പിന്‍വലിക്കാന്‍ എഡിറ്ററോട് അഭ്യര്‍ത്ഥിച്ചതായും ലേഖകന്‍ പറയുന്നു.
0 Comments