തൊണ്ടിമുതല്‍ കടത്തിയ സംഭവം; എക്‌സൈസുകാര്‍ക്കെതിരെ നടപടി ഉറപ്പായി


കാസര്‍കോട്: എക്‌സൈസുകാര്‍ റെയ്ഞ്ച് ഓഫീസില്‍ തൊണ്ടിസാധനങ്ങളായി സൂക്ഷിച്ച 118 ലിറ്റര്‍ മദ്യം കാണാതായെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. എക്‌സൈസ് അസി. കമ്മിഷണര്‍ വിനോദ് ബി നായരുടെ റിപ്പോര്‍ട്ടിലാണ് മദ്യം കടത്തിയത് ശരിവെച്ചിരിക്കുന്നത്. ഇതോടെ ഇതിനുത്തരവാദികളായ ഓഫീസര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായി.
2019-20 വര്‍ഷത്തെ അബ്കാരി കേസുകളില്‍ പിടിച്ചെടുത്ത തൊണ്ടിമുതല്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയ്ഞ്ച് ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തൊണ്ടിയായി സൂക്ഷിച്ച വിദേശമദ്യത്തില്‍ വലിയ കുറവ് കണ്ടെത്തിയത്. 180 മില്ലി ലിറ്ററിന്റെ ഏതാനും ടെട്രാ പാക്കറ്റുകളും 500 മില്ലി ലിറ്റര്‍, ഒരു ലിറ്റര്‍ വീതം കൊള്ളുന്ന മദ്യക്കുപ്പികളും നഷ്ടപ്പെട്ടതായുള്ള റിപ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.കെ അനില്‍ കുമാര്‍ ജോയിന്റ് കമ്മീഷണര്‍ക്ക് കൈമാറി.
എക്‌സൈസ് ഇന്‍സ്‌പെക്ടറുടെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും ഉള്‍പ്പെടെ ഇരുപതോളം പേരുടെ മൊഴിയെടുത്തതിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മെയ് 12 നായിരുന്നു വിജിലന്‍സ് ഡിവൈഎസ്പി കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. 2019-20 കാലയളവില്‍ വിവിധ അബ്കാരി കേസുകളില്‍ പിടികൂടി റേഞ്ച് ഓഫീസില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന 180 മില്ലിലിറ്ററിന്റെ 600 പായ്ക്കറ്റ് വിദേശ മദ്യവും കേരള മദ്യത്തിന്റെ ഒരു ലിറ്ററിന്റെയും 500 മില്ലി ലിറ്ററിന്റെയും 50 ഓളം കുപ്പികളും അന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. കേസ് രജിസ്റ്ററും പിടിച്ചെടുത്ത രേഖകളും തൊണ്ടിമുതല്‍ രജിസ്റ്ററും പരിശോധിച്ച കാസര്‍കോട് വിജിലന്‍സ് ഇത്രയും മദ്യം അപ്രത്യക്ഷമായെന്ന റിപ്പോര്‍ട്ടാണ് തയാറാക്കിയത്. വകുപ്പ് തല റിപ്പോര്‍ട്ട് ശരിവെച്ചതിനാല്‍ ഇനി ഉടന്‍ ഉന്നതതല അന്വേഷണമുണ്ടാകും.

Post a Comment

0 Comments