ചൈനയില്‍ വീണ്ടും പുതിയ വൈറസ്; മഹാമാരിയാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍


ലണ്ടന്‍: ലോകം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനിടെ, ഇതിനേക്കാള്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ള പുതിയൊരു തരം വൈറസിനെ ഗവേഷകര്‍ ചൈനയില്‍ കണ്ടെത്തി. നിലവില്‍ അത് ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരിലേക്ക് പകരാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പന്നികളിലാണ് പുതിയ ഫ്‌ളൂ വൈറസ് വകഭേദം കണ്ടെത്തിയത്.
'ഏ4 ഋഅ ഒ1ച1' എന്ന് ഗവേഷകര്‍ വിളിക്കുന്ന പുതിയ വൈറസ് വകഭേദത്തിന്, വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരാന്‍ ശേഷി ലഭിച്ചാല്‍, ആഗോളതലത്തില്‍ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്, യു എസ് ഗവേഷണ ജേര്‍ണലായ പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
പന്നിപ്പനിയുടെ വര്‍ഗ്ഗത്തില്‍ പെട്ട വൈറസാണ് പുതിയതായി തിരിച്ചറിഞ്ഞത്. നിലവില്‍ ഭയക്കേണ്ടതില്ലെങ്കിലും മനുഷ്യരെ ബാധിക്കുന്നതരത്തില്‍ അതിന് വ്യതിയാനം സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, നിരന്തര നിരീക്ഷണം ആവശ്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ബ്രിട്ടനില്‍ നോട്ടിങാം സര്‍വകലാശാലയിലെ പ്രൊഫസര്‍ കിന്‍ചൗ ചാങിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
പുതിയ വൈറസാകുമ്പോള്‍ മനുഷ്യര്‍ക്ക് പ്രതിരോധശേഷി ഉണ്ടാകണമെന്നില്ല. നിലവിലുള്ള ഒരു വാക്‌സിനും ഇതിനെ നേരിടാന്‍ സഹായിക്കില്ല. പന്നിപ്പനിയുടെ വൈറസിന് (ഒ1ച1) സമാനമാണ് പുതിയ വൈറസെങ്കിലും, അതിന് ചില രൂപമാറ്റങ്ങളുണ്ട്. നിലവില്‍ വലിയ ഭീഷണിയായി കണക്കാക്കുന്നില്ലെങ്കിലും, വൈറസിനെ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. അപകടകരമായ ജനിത ഘടനയാണ് ഈ വൈറസിന്റേത്.
പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടി കൈക്കൊള്ളണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. ലോകം ഒന്നടങ്കം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കെ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തിയത് വളരെ ഗൗരവത്തോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്.

Post a Comment

0 Comments