വെള്ളരിക്കുണ്ട്: ജില്ലാ ഭൂരേഖ വിഭാഗത്തിന്റെ ഗ്രൗണ്ട് കണ്ട്രോളര് സിസ്റ്റം തകര്‍ന്നതോടെ വെള്ളരിക്കുണ്ട് താലൂക്കിന്റെ ഭൂരേഖാ മാപ്പ് താറുമാറായി.
വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍.പി സ്കൂളിന്റെ മുന്നില്‍ പാറയ്ക്ക് മുകളില്‍ സ്ഥാപിച്ച ജി.പി.എസ് മാസ്റ്റര്‍ കണ്ട്രോളര് സിസ്റ്റമാണ് തകര്‍ന്നത്. പുതിയ കെട്ടിടം നിര്‍മ്മിക്കാനായി പാറപൊട്ടിക്കുമ്പോഴാണ് സിസ്റ്റം തകര്‍ന്നത്. ഇതു സംബന്ധിച്ച് തഹസില്‍ദാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്റ്റര്‍ സ്കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു.
സംസ്ഥാനത്തെ ജി. പി.എസ് മാസ്റ്റര്‍ കണ്ട്രോള് സിസ്റ്റത്തിലെ ഒന്നാണ് വെള്ളരിക്കുണ്ടിലേത്. ജില്ലയിലെ തലപ്പാടി അതിര്‍ത്തി മുതല്‍ കണ്ണൂര്‍ അതിര്‍ത്തിവരെ ജില്ലാ ഭൂരേഖ അടങ്ങിയ സിസ്റ്റം കണ്ട്രോളര് ആണ് ഇത്. സംസ്ഥാന ലാന്‍ഡ് സര്‍വ്വേ വിഭാഗം 2017ല്‍ ആണ് ഇത് വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍. പി. സ്കൂളിന് മുന്‍വശത്തെ പാറക്കല്ലില്‍ സ്ഥാപിച്ചത്. ജില്ലാ ഭൂരേഖ വിഭാഗം മേധാവികള്‍ മുമ്പാകെ മാത്രമേ പിച്ചളയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ സിസ്റ്റം നിസാര കാര്യങ്ങള്‍ക്ക് മാറ്റുവാന്‍ പാടില്ല. അല്ലാത്ത പക്ഷം ജില്ലയുടെ മൊത്തം സര്‍വ്വേ മാപ്പിനേയും ഇത് ബാധിക്കും.
എന്നാല്‍ ഇക്കഴിഞ്ഞ രണ്ടാഴ്ച മുമ്പ് സ്കൂള്‍ അധികൃതര്‍ ജി.പി.എസ് കണ്ട്രോള് സിസ്റ്റത്തിന്റെ ഗൗരവമറിയാതെ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ഇത് പറിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പള്ളിയുടെ സ്കൂളാണിത്. സിസ്റ്റത്തിന് ചലനം സംഭവിക്കുന്നത് അറിഞ്ഞ ജില്ലാ ഭൂരേഖ വിഭാഗം ഇതിന്റെ സംരക്ഷണ ചുമതലയുള്ള വെള്ളരിക്കുണ്ട് തഹസില്‍ദാരെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ തഹസില്‍ദാര്‍ സംഭവം ജില്ലാ കലക്ടറെ വിവരം അറിയിക്കുകയും ചെയ്തു.
കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭൂരേഖ വിഭാഗത്തിന്റെ ജി. പി. എസ് കണ്ട്രോള് സിസ്റ്റം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തികളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഭൂരേഖ വിഭാഗത്തിന്റെ അനുവാദമില്ലാതെ അതിക്രമിച്ചുകടന്ന് ജി.പി.എസ് സിസ്റ്റം തകര്‍ത്തതിന് സ്കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് നടപടിയും വകുപ്പ് അവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഭൂരേഖ ജി.പി.എസ് സിസ്റ്റത്തിന്റെ ഗൗരവം മനസിലാക്കാതെ അബദ്ധത്തില്‍ സ്കൂള്‍ അധികൃതര്‍ ഇത് പറിച്ചു മാറ്റാന്‍ നോക്കിയതാണ് എന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതായി ഡെപ്യുട്ടി ഡയറക്റ്റര്‍ കെ. കെ. സുനില്‍ കുമാര്‍ പറയുന്നു.
ഇന്നലെ തലശ്ശേരി അതിരൂപത പ്രതിനിധികളുമായും പള്ളി ഭാരവാഹികളുമായും റവന്യൂ വകുപ്പ് നടത്തിയ ചര്‍ച്ചയില്‍ ഇതിനാവശ്യമായ നഷ്ടം നല്കാന് പള്ളി അധികൃതര്‍ തയ്യാറായിട്ടുണ്ട്. വലിയതുക അടക്കേണ്ടിവരുമെന്നാണ് സൂചന.
0 Comments