നീലേശ്വരം: കുവൈത്തില്‍ നിന്നും വന്ന് നീലേശ്വരം ഒമേഗ ടൂറിസ്റ്റ് ഹോമില്‍ ക്വാറന്റൈനില്‍ കഴിയാനെത്തിയ പ്രവാസി യുവാവിനെ ഇറക്കിവിട്ട സംഭവത്തില്‍ നീലേശ്വരം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ഒമേഗ ലോഡ്ജ് ഉടമക്കെതിരെ പോലീസ് കേസെടുത്തു.
കേരളാ പകര്‍ച്ച വ്യാധി വ്യാപന നിരോധന നിയമം 118 ഇ, ഐപിസി 269 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ലോഡ്ജ് ഉടമക്കെതിരെ കേസെടുത്തിരിക്കുന്നത്. പരമാവധി 10,000 രൂപ വരെ പിഴയൊടുക്കേണ്ട വകുപ്പാണിത്. സംഭവദിവസം ലഗേജുമായി ലോഡ്ജ് മുറിയിലേക്ക് കയറിയ പ്രവാസിയെ നീലേശ്വരം നഗരസഭയിലെ നാല് ജീവനക്കാരുടെയും ഒരു ഉദ്യോഗസ്ഥയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ലോഡ്ജ് മാനേജര്‍ പ്രവാസിയെ ഇറക്കിവിടുകയാണുണ്ടായത്. എന്നാല്‍ നഗരസഭാ ജീവനക്കാരെയും ഉദ്യോഗസ്ഥയേയും രക്ഷപ്പെടുത്തിക്കൊണ്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം പ്രവാസിയില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. നഗരസഭയിലെ ഒരു ഉദ്യോഗസ്ഥയുടെയും നാല് ജീവനക്കാരുടെയും പിടിവാശിമൂലമാണ് തന്നെ ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടതെന്നാണ് പ്രവാസി പോലീസിന് മൊഴിനല്‍കിയത്. ക്വാറന്റൈന് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന യുവാവ് യഥാര്‍ത്ഥ വസ്തുതകള്‍ ലോകത്തോട് വിളിച്ചുപറയുമെന്നാണ് സൂചന. ഇതോടെ നഗരസഭാ ജീവനക്കാരും നഗരസഭാ ഉദ്യോഗസ്ഥയും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസും വെട്ടിലാകാനാണ് സാധ്യത.
പ്രവാസിയെ ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടിട്ട് ആഴ്ചകളായി. പിറ്റേന്നുതന്നെ പ്രവാസിയും ബന്ധുക്കളും പോലീസില്‍ പരാതിയും നല്കി. എന്നാല്‍ ഇന്നലെയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.
0 Comments