നീലേശ്വരം: കോവിഡ് പ്രതിരോധത്തെ തുടര്‍ന്ന് ആളൊഴിഞ്ഞ നഗരവീഥികളില്‍ മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓവുചാലുകള്‍ നവീകരിച്ച നഗരസഭയുടെ നടപടി ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന സ്ഥിതിയായി.
നിലവിലുണ്ടായിരുന്ന ഓവുചാലുകളിലെ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി സ്ലാബുകള്‍ മാറ്റി ഓവുചാല്‍ സംവിധാനം കുറ്റമറ്റതാക്കുമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം. ഇതേതുടര്‍ന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍കാലത്ത് നഗരം വിജനമായപ്പോള്‍ സൗകര്യപൂര്‍വ്വം ശുചീകരണ പ്രവൃത്തി നടത്തിയെങ്കിലും ഇതിപ്പോള്‍ യാത്രക്കാരുടെ കാലൊടിക്കുന്ന അപകടക്കെണിയായി മാറിയിരിക്കുന്നു. രാജാറോഡില്‍ പടിഞ്ഞാറ് ഭാഗത്ത് ബസ്റ്റാന്റ് മുതല്‍ രാജാസ് ക്ലിനിക്ക് വളവുവരെ ഓവുചാലുകളിലെ മണലുകളും മറ്റും നീക്കം ചെയ്തുവെങ്കിലും നേരത്തെ ഉണ്ടായിരുന്ന സ്ലാബുകള്‍ അടുക്കും ചിട്ടയുമില്ലാതെയാണ് മാറ്റിവെച്ചിരിക്കുന്നത്. മാറ്റിവെച്ച സ്ലാബുകള്തമ്മില് വലിയ വിടവുകളാണുള്ളത്.
ഈ വിടവുകളില്‍ കുടുങ്ങി ഇതിനകം തന്നെ നിരവധിപേരുടെ കാലൊടിഞ്ഞുകഴിഞ്ഞു. നേരത്തെയും സ്ലാബുകള്‍ അടുക്കും ചിട്ടയുമില്ലാതെതന്നെയാണ് ഉണ്ടായിരുന്നതെങ്കിലും ഇത്രയും വലിയ വിടവുകള്‍ ഉണ്ടായിരുന്നില്ല. മാത്രവുമല്ല ഇതില്‍ നിന്നും വെള്ളം ഒഴുകിപോകാന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഇതോടെയാണ് ഓവുചാല്‍ നവീകരണം വെളുക്കാന്‍ തേച്ചത് പാണ്ടായത്.
ജില്ലയിലെ മൂന്നാമത്തെ നഗരമായ നീലേശ്വരത്ത് മുന്‍ കാലങ്ങളില്‍ ജനബാഹുല്യം കൊണ്ട് ഓവുചാലുകള്‍ കൃത്യമായി ശുചീകരിക്കാനോ നവീകരിക്കാനോ കഴിയാത്തതിനാല്‍ മഴ പെയ്യുമ്പോള്‍ തന്നെ നഗരത്തിലെ പ്രധാന വീഥിയായ രാജാറോഡ് പുഴയായി മാറാറുണ്ടായിരുന്നു. ഇതിന് പ്രതിവിധി കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇക്കുറി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നഗരത്തില്‍ ആള് പെരുക്കമോ വാഹന ബാഹുല്യമോ ഇല്ലാത്ത സമയത്ത് ജെസിബി ഉപയോഗിച്ച് സ്ലാബുകള്‍ മാറ്റി ഓടകള്‍ വൃത്തിയാക്കി. നഗരത്തെ സൗന്ദര്യവത്ക്കരിക്കാന്‍ നഗരസഭ രംഗത്തിറങ്ങിയത്. എന്നാല്‍ ഇതിപ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്ന സ്ഥിതിയായിരിക്കുകയാണ്.
0 Comments