ഭവനഭേദനകേസ് പ്രതികളെ വിട്ടയച്ചതിനെതിരെ ജില്ലാപോലീസ് ചീഫിന് പരാതി


നീലേശ്വരം: രാത്രി വീട്കയറി കുടുംബനാഥനെയും മകനെയും അക്രമിക്കുകയും വീട് തല്ലിതകര്‍ക്കുകയും ചെയ്ത കേസില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ പ്രതികളെ നിരുപാധികം വിട്ടയച്ചസംഭവത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ജില്ലാപോലീസ് ചീഫിന് പരാതി.
കഴിഞ്ഞ 21 ന് രാത്രി തെക്കന്‍ ബങ്കളത്തെ വി.നാരായണന്റെ വീട് കയറി നാരായണനെയും മകന്‍ രൂപേഷിനെയും പള്ളത്തുവയലിലെ ഷിജു, ടിപ്പര്‍ ലോറി ഡ്രൈവര്‍ മഹേഷ്, ചുമട്ടുതൊഴിലാളി മേപ്പാറ ബിനു, നീലേശ്വരത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തെക്കന്‍ ബങ്കളത്തെ മനോജ് എന്നിവരടങ്ങുന്ന സംഘം അക്രമിക്കുകയും വീട് തല്ലിതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രൂപേഷാണ് ഇന്നലെ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്.
സിപിഎം ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനെകുറിച്ചും പരാതിയില്‍ പരാമര്‍ശമുണ്ട്. 21 ന് പകല്‍ രൂപേഷും പ്രതികളിലൊരാളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് മറ്റ് മൂന്നുപേരെയും കൂട്ടി വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയത്. രാത്രിതന്നെ രൂപേഷ് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതിമുക്കി. പിറ്റേന്ന് വീണ്ടും പരാതി കിട്ടിയശേഷമാണ് അന്വേഷണം തുടങ്ങിയത്. അന്നുതന്നെ കേസ് ഒത്തുതീര്‍ക്കാന്‍ പോലീസ് അക്രമികളായ നാലംഗസംഘത്തെയും അക്രമത്തിനിരയായ നാരായണനേയും രൂപേഷിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അക്രമത്തില്‍ കയ്യെല്ലുപൊട്ടി ചികിത്സയിലായിരുന്ന പിതാവിനെ പരിചരിക്കുന്നതിനിടയില്‍ രൂപേഷിനോടും സ്റ്റേഷനിലേക്കെത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രൂപേഷ് പോയില്ല. തുടര്‍ന്ന് ഭവനഭേദന കേസിലെ പ്രതികളെ പോലീസ് നിരുപാധികം വിട്ടയക്കുകയായിരുന്നു. സംഭവം നടന്ന് ഏതാനും ദിവസത്തിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ പ്രതികളെ കിട്ടാനുള്ള 'വഴിപാട് ' അന്വേഷണത്തിലാണ് നീലേശ്വരം പോലീസ്. ഇതിനെതിരെയാണ് രൂപേഷ് ഇന്നലെ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്.

Post a Comment

0 Comments