പന്നിഫാമിനെതിരെ നാട്ടുകാര്‍; വെയിസ്റ്റ് കൊണ്ടുവരുന്ന വാഹനം തടഞ്ഞുകരിന്തളം: കിനാനൂര്‍ -കരിന്തളം പഞ്ചായത്തിലെ മീര്‍കാനത്ത് പ്രവര്‍ത്തിച്ചുവരുന്ന പന്നിഫാം ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സമായി.
കഴിഞ്ഞദിവസങ്ങളില്‍ പന്നികള്‍ക്കുള്ള ഭക്ഷണം കൊണ്ടുവന്ന വാഹനം കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ച്ചയായി 5 ദിവസം വാഹനം തടഞ്ഞു. തടയല്‍ ഇനിയും തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോഴിയുടെയും മറ്റും അവശിഷ്ടങ്ങളാണ് കൊണ്ടുവരുന്നത്. കോരിചൊരിയുന്ന മഴയത്തും കുട്ടികളും പ്രായമായവരും സ്ത്രീകളും ഉള്‍പ്പടെ നൂറോളം ആളുകള്‍ അര്‍ദ്ധരാത്രിവരെ ഉപരോധ സമരത്തില്‍ പങ്കെടുത്തു. എം.വി രതീഷ്, കെ.കൃഷ്ണന്‍, എ.രാഘവന്‍, കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നീലേശ്വരം സിഐ ഓഫീസില്‍ നടത്തിയ ചര്‍ച്ചയില്‍ പഞ്ചായത്തില്‍ വെച്ച് ചര്‍ച്ച ചെയ്യാം എന്ന് ധാരണ ആയി പിരിഞ്ഞെങ്കിലും ഫാം ഉടമ പഞ്ചായത്തിലെ ചര്‍ച്ചയ്ക്ക് എത്തിയില്ല. നാല് വര്‍ഷമായി പന്നിയുടെ എണ്ണം വര്‍ദ്ധക്കുകയും ഫാമിന്റെ പരിസര പ്രേദേശങ്ങളില്‍ താമസക്കാര്‍ കൂടുകയും ചെയ്തതോടെ ഫാമിലെ വൃത്തിയില്ലായ്മയും അവശിഷ്ടങ്ങള്‍ തൊട്ടടുത്തുള്ള കൊല്ലിയിലേക്ക് വലിച്ചെറിയുന്നതും പതിവായി. ചാലിലെ വെള്ളം തേജസ്വിനി പുഴയിലേക്ക് ഒഴുകുകയാണ്. അസഹ്യമായ ദുര്‍ഗന്ധം കാരണം പരിസര വാസികള്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെ പിടിപെടുകയും മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും പലര്‍ക്കും അനുഭവപ്പെട്ടു. കുട്ടികള്‍ക്ക് ശ്വാസം മുട്ടലും ഛര്‍ദ്ദി ഉള്‍പ്പടെയുള്ള രോഗങ്ങളും ഉണ്ടായി.
പന്നിഫാമിലെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതുമൂലം നിരവധി തെരുവ് പട്ടികളും പ്രദേശത്ത് ജനങ്ങളുടെ സൈ്വര്യ ജീവിതം തടസ്സപ്പെടുത്തി. വളര്‍ത്ത് മൃഖങ്ങളെ ഇത് ആക്രമിക്കുന്ന സ്ഥിതിവരെ ഉണ്ടായി. 2017 ല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ച് പന്നിഫാം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ക്കും പഞ്ചായത്തിനും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നാട്ടുകാരും ഫാം ഉടമയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. 2018 മാര്‍ച്ച് 31 നകം അടച്ചുപൂട്ടാമെന്ന് ഫാം ഉടമ ഉറപ്പ് നല്‍കുകയും ചെയ്തതാണ്. എന്നാല്‍ ആ ഉറപ്പ് പാലിക്കാതെ നാട്ടുകാരുടെ പേരില്‍ കള്ള കേസ് ഫയല്‍ ചെയ്തു. ഇതിനിടയില്‍ തന്റെ പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വിവിധ വകുപ്പുകളില്‍ നിന്നും അനുകൂലമായി രേഖകള്‍ നേടിയെടുത്തു.
2019 മാര്‍ച്ച് മുതല്‍ 8 മാസത്തോളം ലൈസെന്‍സ് ഇല്ലാതെയാണ് ഫാം പ്രവര്‍ത്തിച്ചത്. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഭീഷണിയായ പന്നിഫാം അടച്ചു പൂട്ടാത്ത പക്ഷം കൂടുതല്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments