കാഞ്ഞങ്ങാട്: ഓണ്‍ ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ തിരക്കോട് തിരക്ക്. ഇതോടെ മൊബൈലുകള്‍ക്ക് വന്‍ ഡിമാന്റ്. കഴിഞ്ഞ ദിവസങ്ങളില്‍ മൊബൈല്‍ കടകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ അത്യാവശ്യത്തിന് ഉപയോഗിക്കാവുന്ന വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ സ്റ്റോക്കില്ലാത്തത് സാധരണക്കാരായ രക്ഷിതാക്കളെ പ്രയാസത്തിലാക്കുന്നുണ്ട്. കൊറോണക്കാലത്തെ നഷ്ടവും അതിന്റെ പലിശയും മൊബൈല്‍ ഷോപ്പ് ഉടമകള്‍ ഇതോടെ പരിഹരിക്കും.
പതിനായിരം രൂപയില്‍ താഴെയുള്ള ഫോണുകള്‍ സ്റ്റോക്കുള്ളത്ചുരുക്കം കടകളില്‍ മാത്രമാണ്. പുതിയ സ്റ്റോക്കുകള്‍ ഇനി എന്ന് വരുമെന്നതിനെ കുറിച്ച് വില്‍പ്പനക്കാര്‍ക്കും കൃത്യമായി പറയാന്‍ കഴിയുന്നില്ല. ഡൗണിനെ തുടര്‍ന്ന് മിക്ക കമ്പനികളും നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഇതില്‍ പല കമ്പനികളും നിര്‍മ്മാണം തുടങ്ങി വരുന്നതേ ഉള്ളു.
വിവൊ തുടങ്ങി ചുരുക്കം ചില ഫോണുകള്‍ മാത്രമേ പതിനായിരം രൂപയ്ക്ക് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്നുള്ളൂ. പിന്നെയുള്ളത് 15000 നും 20,000 മുകളില്‍ വില വരുന്ന ഫോണുകളാണ്. രണ്ടുമൂന്ന് മാസമായി പണിയൊന്നുമില്ലാതെ വരുമാനം മുടങ്ങിയ മിക്ക കുടുംബങ്ങള്‍ക്കും ഇത്രയും തുക മുടക്കി ഫോണ്‍ വാങ്ങിക്കുകയെന്നത് തീര്‍ത്തും ബുദ്ധിമുട്ടാണ്.
ലോക്ക് ഡൗണില്‍ ഇളവ് അനുവദിച്ചതോടെ മിക്ക രക്ഷിതാക്കളും ജോലിക്ക് പോയിതുടങ്ങിയതിനാല് മണിക്കൂറുകള്‍ നീളുന്ന ക്ലാസുകള്‍ക്ക് തങ്ങളുടെ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കുന്നതും അപ്രായോഗികമാണ്.
റിയല്‍ മി എക്സ്ടു, പോകോ എക്സ്ടു എന്നിങ്ങനെ 20,000 നു മുകളില്‍ വിലയുള്ള ഫോണുകള്‍ വാങ്ങാനും ആവശ്യക്കാര്‍ ഏറെയുണ്ട്. ഇവയും കിട്ടാത്ത സ്ഥിതിയാണ്. മിക്ക ഫാേണുകള്‍ക്കും രണ്ടായിരവും മൂവായിരവും അധികം ഈടാക്കുന്നുമുണ്ട്. സാംസഗ്, ഒപ്പൊ എന്നിവയുടെയും വിലകൂടിയ ഇനങ്ങള്‍ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. ഓണ്‍ലൈനിലും ചുരുക്കം ചില ഫോണുകള്‍ മാത്രമേ കിട്ടാനുള്ളൂ.
0 Comments