മെട്രോഹാജിയുടെ നില ഗുരുതരം


കാഞ്ഞങ്ങാട്: ഏതാനും ദിവസങ്ങളായി കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ചിത്താരിയിലെ മെട്രോമുഹമ്മദ്ഹാജിയുടെ നിലഗുരുതരമായി.
കണ്ണൂര്‍ ചാലയിലെ ആംസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലും കോഴിക്കോട് മുക്കത്തെ എം.വി.ആര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചികിത്സ നടത്തിയശേഷമാണ് മെട്രോമുഹമ്മദ്ഹാജിയെ മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റിയത്. റംസാന്‍ വ്രതത്തിന്റെ പതിനേഴാം ദിവസം (മെയ് 12 ന്) ഛര്‍ദ്ദിയെ തുടര്‍ന്നാണ് മെട്രോമുഹമ്മദ്ഹാജിയെ കണ്ണൂരിലെ മിംസില്‍ പ്രവേശിപ്പിച്ചത്. മിംസിലെ ശസ്ത്രക്രിയക്ക്‌ശേഷം നടന്ന പരിശോധനയിലാണ് രോഗം ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് വിദഗ്ധചികിത്സയ്ക്ക് കോഴിക്കോട് മുക്കത്തേക്ക് മാറ്റുകയാണുണ്ടായത്.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, നോര്‍ത്ത് ചിത്താരി മുസ്ലീം ജമാഅത്ത് പ്രസിഡണ്ട്, മുസ്ലീംലീഗ് സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം, മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടര്‍, സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ ഡയറക്ടര്‍, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, മദ്രസാമാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍, സുന്നിമുഹല്ല് ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍, ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍, പെരിയ അംബേദ്കര്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥ്യം വഹിക്കുന്നതിനിടയിലാണ് മെട്രോമുഹമ്മദ് ഹാജിക്ക് ഗുരുതരമായ രോഗം പിടിപെട്ടത്. സ്വപ്രയത്‌നത്താല്‍ ഒട്ടേറെ സമ്പത്തിനുടമയായി. 1970 മുതല്‍ ആറുകൊല്ലത്തോളം കാഞ്ഞങ്ങാട്ട് അനാദികച്ചവടക്കാരനായിരുന്നു. 1976 ല്‍ ഗള്‍ഫിലെത്തി റെഡിമെയ്ഡ് ബിസിനസ് തുടങ്ങി. പിന്നീട് ഇലക്‌ട്രോണിക്‌സ് ബിസിനസ്സിലേക്ക് തിരിഞ്ഞു. ഇതോടെ വലിയ ബിസിനസുകാരനായി മാറി. തന്റെ സമൃദ്ധി വളരുന്നതോടൊപ്പംതന്നെ പാവപ്പെട്ടവരെയും അര്‍ഹതപ്പെട്ടവരെയും സഹായിക്കാനുള്ള മനസ്സ് കാണിച്ചു. സാമൂഹ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ക്രമേണ ചുവടുറപ്പിച്ചു. മുസ്ലീംലീഗിലും സജീവമായി. ഇതോടെ മെട്രോമുഹമ്മദ്ഹാജി ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി മാറുകയായിരുന്നു. കേരളത്തിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയനേതാക്കളുമായും മന്ത്രിമാരുമായും ജനപ്രതിനിധികളുമായും അടുത്തു. സ്വദേശത്തും വിദേശത്തും ആയിരക്കണക്കിന് ആളുകള്‍ക്കും നിരവധി സ്ഥാപനങ്ങള്‍ക്കും മെട്രോഹാജിയുടെ സഹായം ലഭിച്ചു. നൂറുകണക്കിന് സംഘടനകളെയും വ്യക്തികളെയും സാമ്പത്തീകമായി സഹായിച്ചു.
മെട്രോമുഹമ്മദ്ഹാജിയേക്കാള്‍ വലിയ കോടീശ്വരന്മാര്‍ കാഞ്ഞങ്ങാട്ടും പരിസരത്തും ഉണ്ടെങ്കിലും ധര്‍മ്മിഷ്ടനും ഉദാരമതിയുമായി മാറിയതോടെ മെട്രോമുഹമ്മദ്ഹാജി ജനഹൃദയങ്ങളില്‍ സ്ഥാനംപിടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ രോഗം പിടിപ്പെട്ടതുമുതല്‍ മെട്രോഹാജിയുടെ ആയുരാരോഗ്യത്തിനും രോഗശമനത്തിനുമായി നാട്ടിലും വിദേശത്തും ജനലക്ഷങ്ങള്‍ പ്രാര്‍ത്ഥനയിലാണ്. മുനിയംകോട് മുഹമ്മദ് എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് കാഞ്ഞങ്ങാട് തുടങ്ങിയ കച്ചവടസ്ഥാപനത്തില്‍ ലഭിച്ച ഫോണ്‍നമ്പര്‍ ചേര്‍ത്ത് വണ്‍ഫോര്‍ടു (142) മുഹമ്മദ് എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഗള്‍ഫില്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് വ്യാപാര സ്ഥാപനത്തിന് മെട്രോ ഇലക്‌ട്രോണിക്‌സ് എന്ന് പേരിട്ടതോടെ വണ്‍ഫോര്‍ടു മുഹമ്മദിന്റെ പേര് മെട്രോമുഹമ്മദ്ഹാജി എന്നായി മാറുകയായിരുന്നു.

Post a Comment

0 Comments