ഓലാട്ട് തമ്പാന്റെ ദുരൂഹമരണം: വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സിപിഎം നേതാവിനെതിരെ കേസ്


കാലിക്കടവ്: ഓലാട്ട് പട്ടികജാതി കോളനിയിലെ എം. തമ്പാന്റെ (60) ദുരൂഹ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കൊടക്കാട് ഗവ. വെല്‍ഫെയര്‍ സ്‌കൂളിലെ അദ്ധ്യാപകനും സി.പി.എം പ്രവര്‍ത്തകനുമായ മനോഹരനെതിരെ ചീമേനി പോലീസ് കേസെടുത്തു.
മരണപ്പെടുന്നതിന് മുമ്പ് തമ്പാനോടൊപ്പം ശര്‍ക്കര വാങ്ങിച്ച് വരികയായിരുന്ന തന്നെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചുവെന്ന ഓലാട്ട് കോളനിയിലെ ബാലകൃഷ്ണന്റെ മകന്‍ ജിത്തുവിന്റെ (16) പരാതിയിലാണ് ചീമേനി പോലീസ് മനോഹരനെതിരെ കേസെടുത്തത്. മെയ് 28 ന് വൈകുന്നേരം കൂക്കാനത്തെ കടയില്‍ നിന്നും തമ്പാനോടൊപ്പം ശര്‍ക്കരവാങ്ങി വരുമ്പോള്‍ മനോഹരന്‍ മാഷിന്റെ നേതൃത്വത്തില്‍ തടഞ്ഞുനിര്‍ത്തുകയും വാക്കേറ്റത്തിനിടയില്‍ മനോഹരന്‍മാസ്റ്റര്‍ തമ്പാനെ മര്‍ദ്ദിക്കുകയും തടയാന്‍ചെന്ന തന്നെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ജിത്തുവിന്റെ പരാതി. ഈ സംഭവം കഴിഞ്ഞ് രണ്ടുദിവസത്തിന്‌ശേഷമാണ് തമ്പാന്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. തമ്പാന്റെ സഹോദരി ഭര്‍ത്താവാണ് ജിത്തുവിന്റെ പിതാവ് ബാലകൃഷ്ണന്‍. സിപിഎം ബ്രാഞ്ച് അംഗംകൂടിയായ ബാലകൃഷ്ണന്റെ മകന്റെ മൊഴി മനോഹരന്‍മാസ്റ്റര്‍ക്ക് കുരുക്കായിമാറും. തമ്പാനെ തല്ലുകയും ജിത്തുവിനെ തള്ളിയിടുകയും ചെയ്ത സ്ഥലം പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍പരിധിയിലെ കൂക്കാനത്തായതിനാല്‍ കേസ് ചീമേനി പോലീസ് പയ്യന്നൂര്‍ പോലീസിന് കൈമാറി. ജിത്തുവിന്റെ പരാതിയില്‍ തമ്പാനെ മനോഹരന്‍മാസ്റ്റര്‍ മര്‍ദ്ദിച്ചിരുന്നു എന്ന് പറഞ്ഞതുകൊണ്ടുതന്നെ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മനോഹരന്‍മാസ്റ്റര്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
തമ്പാന്റെ മരണത്തെക്കുറിച്ച് ഉന്നത ഏജന്‍സികളെകൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. തമ്പാന്റെ മരണം സംബന്ധിച്ച വിവാദം സി.പി.എം നേതൃത്വത്തിന് കടുത്ത തലവേദനയായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവാണ് മരണം വിവാദമാക്കിയിരിക്കുന്നത്. മനോഹരന്‍മാസ്റ്റര്‍ക്കെതിരായുള്ള പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗം തമ്പാന്റെ മരണം സംബന്ധിച്ച് നോഹരന്‍മാസ്റ്റര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി ലോക്കല്‍കമ്മററി മനോഹരന്‍മാസ്റ്ററെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. തമ്പാന്‍ വ്യാജവാറ്റുകാരനും മദ്യപാനിയുമാണെന്ന ലോക്കല്‍കമ്മറ്റിയുടെ പത്രപ്രസ്താവന ഒരുവിഭാഗം പാര്‍ട്ടിപ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ പ്രദേശത്ത് തമ്പാന്റെ മരണവും പാര്‍ട്ടിയുടെ നിലപാടും പാര്‍ട്ടിയെ ഏതുതരത്തില്‍ ബാധിക്കുമെന്ന് ആശങ്കയിലാണ് സിപിഎം ഏരിയാനേതൃത്വം.

Post a Comment

0 Comments