ബേക്കല്‍ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പിളര്‍ന്നു


അജാനൂര്‍: 2016 ല്‍ രൂപീകൃതമായ ബേക്കല്‍ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പിളര്‍ന്നു.
ക്ലബ്ബ് വിട്ട മെമ്പര്‍മാര്‍ ചേര്‍ന്ന് അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു. യൂറോ കുഞ്ഞബ്ദുള്ളയുടേയും ഖാലിദ് പാലക്കിയുടേയും നേതൃത്വത്തിലാണ് ബേക്കല്‍ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചത്. ആദ്യ പ്രസിഡണ്ട് ഖാലിദ് പാലക്കിയും സെക്രട്ടറി അന്‍വര്‍ ഹസനുമാണ്. എന്നാല്‍ അധികംവൈകാതെ ക്ലബ്ബില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഒരുകൊല്ലം മുമ്പ് യുറോ കുഞ്ഞബ്ദുള്ള ക്ലബ്ബില്‍ നിന്നും അകന്നു. ക്ലബ്ബിന്റെ മുന്‍നിരക്കാരനില്‍ ഒരാളായ പി.എം.നാസറിന്റെ നടപടികളുമായി യോജിക്കാന്‍ കഴിയാതെയാണ് കുഞ്ഞബ്ദുള്ള അകന്നത്. പി.എം.നാസര്‍ കുറച്ചുകാലം കുഞ്ഞബ്ദുള്ളയുടെ കീഴില്‍ ജോലി ചെയ്തിരുന്നു. ഇതുസംബന്ധിച്ച അഭിപ്രായവ്യത്യാസം ഇരുവരേയും രണ്ട് ധ്രുവങ്ങളിലാക്കി. ക്രമേണ ഇത് ക്ലബ്ബിലേക്ക് വ്യാപിച്ചു. ബേക്കല്‍ ഫോര്‍ട്ട് ക്ലബ്ബിലെ അഞ്ച് അംഗങ്ങള്‍ പുതിയ അജാനൂര്‍ ക്ലബ്ബിലേക്ക് ചുവടുമാറ്റി. ഇനിയും കൂടുതല്‍ ആളുകള്‍ അജാനൂര്‍ ക്ലബ്ബിലേക്ക് മാറുമെന്നാണ് സൂചന.
2020-2021 വര്‍ഷത്തെ പുതിയ പ്രസിഡണ്ടാണ് പി.എം.നാസര്‍. വൈകാതെ സ്ഥാനാരോഹണം ഉണ്ടാവും. ഇതിന് മുമ്പേ പിരിഞ്ഞ് മറ്റൊന്ന് രൂപീകരിക്കണമെന്ന ഉറച്ച തീരുമാനവുമായാണ് യൂറോ കുഞ്ഞബ്ദുള്ളയടക്കമുള്ളവര്‍ കളം വിട്ടത്. എം.ബി.എം അഷ്‌റഫാണ് അജാനൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ചാര്‍ട്ടര്‍ പ്രസിഡണ്ട്. കെ.വി.സുനില്‍രാജ് സെക്രട്ടറിയും ഹസന്‍ യാഫ ട്രഷററുമാണ്. ആഗസ്റ്റില്‍ പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനം നടക്കും.

Post a Comment

0 Comments