തൃശ്ശൂരില്‍ ലോക്ഡൗണ്‍ വേണമെന്ന് ടി.എന്‍.പ്രതാപന്‍ എംപി


തൃശ്ശൂര്‍: തൃശ്ശൂരില്‍ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. തല്‍ക്കാലത്തേയ്‌ക്കെങ്കിലും സമ്പൂര്‍ണ ലോക്ഡൗണ്‍ വേണം. സ്ഥിതി അതീവ ഗുരുതരമാണ്. വിഷയം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.
14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച തൃശ്ശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷനന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ശേഷം യോഗം ചേരുന്നുണ്ട്. ഇന്നലെ 25 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അതേ സമയം തൃശ്ശൂരില്‍ സര്‍ക്കാര്‍ ഇടപെടലില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി എസി മൊയ്തീന്‍ പ്രതികരിച്ചു. പുറത്തുനിന്ന് വന്നവര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതാണ് കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വരാനിടയാക്കിയത്. ജനങ്ങളുടെ ജാഗ്രത ഏറെ ആവശ്യമുള്ള സമയമാണെന്നും സാഹചര്യം നിയന്ത്രണവിധേയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി സുനില്‍ കുമാറും പ്രതികരിച്ചു.
കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ നാല് പേര്‍ക്കും, കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളായ നാല് പേര്‍ക്കും ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശിക്കും ആരോഗ്യ പ്രവര്‍ത്തകനായ രണ്ട് പേര്‍ക്കും നാല് ആശാ പ്രവര്‍ത്തകര്‍ക്കുമാണ് ക്വാറന്റീനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33 വയസ്സ് പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Post a Comment

0 Comments