അഞ്ജനയുടെ ദുരൂഹമരണം അന്വേഷണം ഐ.പി.എസ് ഉദ്യോഗസ്ഥന്കാഞ്ഞങ്ങാട്: പുതുക്കൈയിലെ മിനിയുടെ മകള്‍ അഞ്ജനയുടെ (21) ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണ ചുമതല ഐ.പി.എസ് ഉദ്യോഗസ്ഥന് നല്‍കികൊണ്ട് ഗോവ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.
മെയ് 13 നാണ് ഗോവയില്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണം കൊലപാതകമാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മിനി പരാതി നല്‍കിയതിനു പിന്നാലെയാണ് അന്വേഷണം ഐ.പി.എസ് ഉദ്യോഗസ്ഥന് കൈമാറിയത്. കോഴിക്കോട് വടകര സ്വദേശികളുടെ കൂടെ തിരക്കഥയെഴുതാനെന്നു പറഞ്ഞാണ് കൂട്ടുകാരികള്‍ അഞ്ജനയെ വീട്ടില്‍നിന്നും കൂട്ടികൊണ്ടുപോയത്. നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയുള്ള മരണം സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മരണത്തിലെ ദുരൂഹത നീക്കി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന് പരാതി നല്‍കിയിരുന്നു.
ചിന്നു സുല്‍ഫിക്കര്‍ എന്ന അഞ്ജന കെ. ഹരീഷിന്റെ മരണത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗോവ മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വീട്ടിലേക്ക് തിരികെയെത്താന്‍ അഞ്ജന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അവള്‍ ആത്മഹത്യ ചെയ്തതായി ഗോവയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അമ്മ മിനിയെ ഫോണില്‍ അറിയിക്കുന്നത്. ചില സംഘടനകളുമായി ബന്ധമുള്ളതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതിയില്‍ പറയുന്നു. അഞ്ജനയുടേത് ആത്മഹത്യയാണെന്ന് വടക്കന്‍ ഗോവ എസ്.പി പറഞ്ഞതായി മരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചിരുന്നു.

Post a Comment

0 Comments