ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്നും ആന്ധ്ര യുവതിയും തമിഴ് യുവാവും മുങ്ങി


കാസര്‍കോട്: കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍നിന്നും കമിതാക്കള്‍ മുങ്ങി. ചെറുഗോളി സ്‌കൂളില്‍ പാര്‍പ്പിച്ച നാടോടികളും യാചകരും അടക്കമുള്ളവരില്‍ നിന്ന് ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഇരുപതുകാരിയും തമിഴ്‌നാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരനുമാണ് മുങ്ങിയത്. ഇത് പോലീസിനും ആരോഗ്യ വകുപ്പിനും തലവേദനയായി.
റോഡരികിലും കടവരാന്തയിലും മറ്റ് സ്ഥലങ്ങളിലും അന്തിയുറങ്ങുകയായിരുന്ന നാടോടികളും യാചകരും അടക്കമുള്ളവരെ കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടുത്തി സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും നിരീക്ഷണ കേന്ദ്രമായ സ്‌കൂളിലേക്ക് മാറ്റിയത്. അവിടെ കഴിയുന്നതിനിടെ കഴിഞ്ഞദിവസം രാവിലെ ഇരുവരെയും കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറയുന്നു. സ്‌കൂളില്‍ കഴിയുന്ന മറ്റുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഇവര്‍ അതിര്‍ത്തിയില്‍ ഒളിച്ചുകഴിയുന്നുണ്ടാകും എന്ന നിഗമനത്തിലാണ് പോലീസ്.

Post a Comment

0 Comments