കുഞ്ഞനന്തന്റെ സംസ്‌ക്കാരം ഉച്ചയ്ക്ക്


കണ്ണൂര്‍: ഇന്നലെ അന്തരിച്ച ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.കെ.കുഞ്ഞനന്തന്റെ സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് പാനൂരിനടുത്തെ പാറാട്ടെ വീട്ടുവളപ്പില്‍ നടക്കും.
തിരുവനന്തപുരത്ത് നിന്ന് പാനൂരില്‍ എത്തിച്ച മൃതദേഹം സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസായ രാജു സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം കുഞ്ഞനന്തന്റെ സ്വദേശമായ പാറാട് ടൗണിലും ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നു.
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ.കുഞ്ഞനന്തന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ നിന്ന് ഏറ്റുവാങ്ങിയതു മുതിര്‍ന്ന സിപിഎം നേതാക്കളാണ്. കുഞ്ഞനന്തന്‍ സമൂഹത്തോടും കരുതല്‍ കാണിച്ച സഖാവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് കുഞ്ഞനന്തനെന്നാണു സിപിഎം അഭിപ്രായപ്പെട്ടത്. കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കളില്‍ ചാണക്യനായിരുന്നു കുഞ്ഞനന്തന്‍.
പി.കെ.കുഞ്ഞനന്തന്റെ മരണവാര്‍ത്തയറിഞ്ഞ് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഇ.പി. ജയരാജനും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. ഇടതുമുന്നണി കണ്‍വീനറും സിപിഎം നേതാക്കളും ഡിവൈഎഫ്‌ഐ നേതാക്കളും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കുഞ്ഞനന്തന്‍ കുറ്റവാളിയെന്ന് കോടതി വിധിച്ചപ്പോഴും അത് അംഗീകരിക്കാന്‍ സിപിഎം തയ്യാറായിരുന്നില്ല. അതുവരെ കോടതി തീരുമാനിക്കട്ടെ എന്നായിരുന്നു നേതൃത്വത്തിന്റെ ഭാഷ്യം. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ കുഞ്ഞനന്തന്‍ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ട നേതാവിയിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനന്‍ അനുസ്മരിച്ചത്.
പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ട നേതാവാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു. കേസില്‍ ശിക്ഷിക്കെപ്പട്ടു ജയിലില്‍ കിടന്നപ്പോഴും തള്ളി പറയാതിരുന്ന പാര്‍ട്ടി നേതൃത്വം വിടവാങ്ങുമ്പോള്‍ കുഞ്ഞനന്തന് രക്തസാക്ഷി പരിവേഷമാണ് നല്‍കിയത്. പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ട് പാനൂരില്‍ പാര്‍ട്ടി കെട്ടിപ്പടുത്ത കുഞ്ഞനന്തനെ യുഡിഎഫ് സര്‍ക്കാര്‍ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Post a Comment

0 Comments