സ്വകാര്യ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ


തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശുപാര്‍ശ. ഇത് സംബന്ധിച്ച ഇടക്കാല ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന് കൈമാറി. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ചെയ്തത്.
ഇന്നലെ രാത്രിയാണ് ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന് കൈമാറിയത്. ട്രാസ്‌പോര്‍ട്ട് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.
റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമെടുക്കാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചിട്ടുണ്ട്.
അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്റെ പ്രധാന ശുപാര്‍ശ. തുടര്‍ന്നുള്ള ഓരോ രണ്ട് കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. മിനിമം ചാര്‍ജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാര്‍ശയും കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്.
വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒപ്പം മിനിമം ചാര്‍ജ് 8 രൂപയായി നിലനിര്‍ത്തിക്കൊണ്ട് ആ ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറയ്ക്കാനുളള ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.
കോവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ കാലത്തേക്ക് മാത്രമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമീഷന്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിച്ചത്.
ലോക്ഡൗണ്‍ മുതല്‍ കയറ്റിവെച്ച സ്വകാര്യ ബസുകളില്‍ ചിലത് മൂന്നാഴ്ചയായി ഭാഗികമായി സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ പതിവ് യാത്രക്കാരില്‍ മിക്കവരും യാത്രക്ക് ഇപ്പോള്‍ ബസുകളെ ആശ്രയിക്കുന്നില്ല. കൊറോണ പിടികൂടുമെന്ന ഭയമാണ് ഇതിന് കാരണം. പലരും അത്യാവശ്യകാര്യങ്ങള്‍ക്ക് ഓട്ടോറിക്ഷകളും ടാക്‌സികളും ഓട്ടംവിളിക്കുകയാണ്. കാര്യം നടത്തി അതേവാഹനത്തില്‍ തന്നെ വീടുകളിലേക്ക് മടങ്ങുന്നു.
ബസ് കയറ്റിവെച്ചാല്‍ യന്ത്രഭാഗങ്ങളും ബാറ്ററിയും നശിക്കും. ഇതൊഴിവാക്കാന്‍ മിക്ക ബസ് ഉടമകളും ബസ് സര്‍വ്വീസ് നടത്താന്‍ തൊഴിലാളികള്‍ക്ക് വിട്ടുനല്‍കിയിരിക്കുകയാണ്.
ഇന്ധനവും ഗ്രീസും അടിച്ച് പിന്നീട് കിട്ടുന്നത് വീതിച്ചെടുത്തുകൊള്ളാനാണ് ജീവനക്കാര്‍ക്ക് ഉടമകള്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

Post a Comment

0 Comments