തെങ്ങിന് അപൂര്‍വ്വരോഗം; കേര കര്‍ഷകര്‍ക്ക് ഇരുട്ടടി


നീലേശ്വരം: മണ്ട ചീയല്‍ രോഗത്തിന് പിന്നാലെ തെങ്ങുകള്‍ക്ക് അഞ്ജാതരോഗം ബാധിച്ചത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു.
തേങ്ങകള്‍ ഒറ്റയായും കുലയോടേയും പൊഴിയുന്നതാണ് കോവിഡ് ദുരിതത്തിനിടയില്‍ കേര കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കഴിഞ്ഞ ഏപ്രില്‍, മേയ് മാസത്തിലുണ്ടായ വരള്‍ച്ചയില്‍ തെങ്ങില്‍ നിന്ന് വെളിച്ചില്‍ വ്യാപകമായി പൊഴിഞ്ഞുപോയിരുന്നു. ഇപ്പോള്‍ രണ്ട് മാസം കഴിഞ്ഞ് പൂര്‍ണ്ണമായും വിളഞ്ഞ് പൊഴിയുന്ന തേങ്ങകളുടെ കണ്ണിന്റെ ചുറ്റുപാടും ചികരിക്ക് കറുത്ത നിറമാണ് കാണുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. തേങ്ങയുടെ വെള്ളത്തിന് പ്രത്യേകരുചിയാണുള്ളത്. പാകമാകാത്ത തേങ്ങ ഭക്ഷ്യ യോഗ്യവുമല്ല.
ചില തെങ്ങില്‍ നിന്ന് കുലയോടെയാണ് തേങ്ങകള്‍ വീഴുന്നത്. കുന്നിന്‍ പ്രദേശത്തും പുഴയോരങ്ങളിലുമുള്ള തെങ്ങില്‍ നിന്നും ഇങ്ങനെ തേങ്ങ വീഴുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെന്ന ചോദ്യം കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും കൃത്യമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കാര്‍ഷിക രംഗത്തെ വിലത്തകര്‍ച്ചയും ലോക് ഡൗണ്‍ കാലത്തെ പ്രതിസന്ധിയും കര്‍ഷകരെ ഏറെ തളര്‍ത്തിയിരിക്കുന്നതിനിടയിലാണ് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി അഞ്ജാത രോഗം പിടിപെട്ടത്.

Post a Comment

0 Comments