റിട്ട. എസ്.ഐയായ ഭാര്യയെ റിട്ട. എ.എസ്.ഐയായ ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചുതിരുവനന്തപുരം: സ്വത്ത് തര്‍ക്കത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം തൊഴുവന്‍കോട്ട് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഇരുവരും റിട്ട.പോലീസ് ഉദ്യോഗസ്ഥരാണ്. ഭാര്യ കെ.ലീല റിട്ട. എസ്.ഐയും ഭര്‍ത്താവ് പി.പൊന്നന്‍ റിട്ട. എ.എസ്.ഐയുമാണ്.
ഭാര്യ കെ.ലീലയെ പട്ടിക കഷണത്തിന് തലയുടെ പിന്നില്‍ അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് പി. പൊന്നന്‍ തൂങ്ങിമരിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് ലീല മരിച്ചത്. ലീലയെ പോലീസ് ആംബുലന്‍സ് എത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് പൊന്നന്‍ സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.
ഇരുവരും തമ്മില്‍ നാളുകളായി സ്വത്തുതര്‍ക്കമുണ്ട്. രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്. പൊന്നനും രണ്ട് പെണ്‍മക്കളും ആറു മാസം മുന്‍പ് പണിത പുതിയ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിന് എതിര്‍വശത്തുള്ള വീട്ടിലാണ് ലീല താമസിച്ചത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ വീടുകള്‍.
പൊന്നനും മക്കളും താമസിച്ചിരുന്ന വീട്ടിലേക്ക് രാവിലെ ചെന്ന ലീലയെ വാക്കുതര്‍ക്കത്തിനിടെ പൊന്നന്‍ പട്ടിക കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാദ്യമാണ് ആക്രമണത്തിലേക്ക് പോകുന്നത്.
പൊന്നന്‍ പുറമേ ശാന്ത സ്വഭാവമുള്ളയാളാണെന്ന് നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments