ലോക്ഡൗണ്‍ കാലത്തെ വാടകവേണമെന്ന് കെട്ടിട ഉടമകള്‍; വെട്ടിലായി വ്യാപാരികള്‍


നീലേശ്വരം: ലോക്ക് ഡൗണ്‍ കാലയളവില്‍ അടച്ചിട്ട രണ്ടുമാസത്തെ വാടക കൂടി വേണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമകള്‍ രംഗത്ത് എത്തിയതോടെ വ്യാപാരികള്‍ വെട്ടിലായി. അടച്ചിടല്‍ കാലത്തെ വാടക ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് കെട്ടിട ഉടമകള്‍ അടച്ചിട്ട രണ്ടുമാസത്തെ വാടകകൂടി വേണമെന്ന് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
ലോക്ക് ഡൗണ്‍ ഭാഗികമായി പിന്‍വലിക്കുകയും കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെയാണ് രണ്ടു മാസത്തെ വാടക നിര്‍ബന്ധിച്ച് വാങ്ങിക്കുന്നത്. ഇപ്പോള്‍ തന്നെ ബസ് സര്‍വീസ് പൂര്‍ണ്ണമായും നടത്താത്തതിനാല്‍ നഗരങ്ങളില്‍ ഇനിയും കച്ചവടം സാധാരണ ഗതിയിലായിട്ടില്ല. അനാദിക്കടകളിലും പച്ചക്കറി കടകളിലും മാത്രമാണ് കുറച്ചെങ്കിലും കച്ചവടം നടക്കുന്നത്.
രണ്ടു മാസമായി കടകള്‍ അടഞ്ഞുകിടന്നതോടെ ചെറുകിട കച്ചവടക്കാരുടെ ജീവിതം താറുമാറായിരിക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്ത് കച്ചവടം ചെയ്യുന്നവരും വീടിനുവേണ്ടി കടമെടുത്തവരുമായവര്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാത്തതും ഒരു വിഭാഗം കച്ചവടക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. ജിം തുടങ്ങിയ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല.
ഇത്തരം വിഷമാവസ്ഥയിലുള്ളവരോടാണ് കെട്ടിട ഉടമകള്‍ രണ്ടു മാസത്തെ വാടക പിടിച്ചുവാങ്ങുന്നത്. വാടക തന്നില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവരുമുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ഇപ്പോള്‍ ഓഫ് സീസണുമാണ്. ഇതൊന്നും കാണാതെയാണ് കെട്ടിട ഉടമകള്‍ വാടകക്കാരെ പിഴിയുന്നതെന്നാണ് പരാതി. അതേസമയം ചില കെട്ടിട ഉടമകള്‍ സ്വമേധയാ തന്നെ രണ്ടും മൂന്നും മാസത്തെ വാടക ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യാപാരിസംഘടനകള്‍ പ്രതികരിക്കുന്നില്ലെന്നും പരാതിയുണ്ട്.

Post a Comment

0 Comments