തെക്കന്‍ ബങ്കളത്തെ വീടാക്രമണം; വിട്ടയച്ച പ്രതികള്‍ക്കുവേണ്ടി പോലീസിന്റെ 'തേരോട്ടം'


മടിക്കൈ: ബങ്കളം വീടാക്രമണക്കേസില്‍ പോലീസ് വിട്ടയച്ച പ്രതികള്‍ക്ക് വേണ്ടി പോലീസിന്റെ തേരോട്ടം തുടരുന്നു.
കഴിഞ്ഞ 21 ന് രാത്രിയാണ് തെക്കന്‍ ബങ്കളത്തെ കൃഷ്ണന്‍ നായരുടെ മകന്‍ നാരായണന്റെ വീട് കയറി നാരായണനെയും മകന്‍ രൂപേഷിനെയും പള്ളത്തുവയലിലെ ഷിജു, ടിപ്പര്‍ ലോറി ഡ്രൈവര്‍ മഹേഷ്, ചുമട്ടുതൊഴിലാളി മേപ്പാറ ബിനു, നീലേശ്വരത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തെക്കന്‍ ബങ്കളത്തെ മനോജ് എന്നിവരടങ്ങുന്ന സംഘം അക്രമിച്ചത്.
അക്രമത്തില്‍ നാരായണന്റെ കൈ തല്ലിയൊടിച്ചിരുന്നു. നാരായണനും മകന്‍ രൂപേഷും നീലേശ്വരം തേജസ്വിനി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. 21 ന് രാത്രി തന്നെ രൂപേഷ് അക്രമികള്‍ക്കെതിരെ നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേദിവസം പോലീസ് നാലുപേരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കേസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍ രൂപേഷും നാരായണനും ഒത്തുതീര്‍പ്പിന് നിന്നില്ല. ഇതേ തുടര്‍ന്ന് ഭവനഭേദനകേസിലെ നാലുപ്രതികളെയും പോലീസ് നിരുപാധികം വിട്ടയക്കുകയാണുണ്ടായത്. ഇവരെയാണ് പോലീസ് രാത്രികാലങ്ങളില്‍ തപ്പുന്നത്.
സംഭവം നടന്നിട്ട് ഇന്ന് ഏഴ് ദിവസമായി. പ്രതികള്‍ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറി. പ്രതികളെ ഇനിയും പിടികൂടാത്ത സാഹചര്യത്തില്‍ നാരായണനും മകനും ഉന്നതപോലീസ് അധികാരികളെ സമീപിച്ച് പരാതിനല്‍കുമെന്നാണ് സൂചന. നാരായണന്‍ നിര്‍മ്മാണതൊഴിലാളി യൂണിയന്‍ നേതാവായിരുന്നു. മകന്‍ രൂപേഷും സിപിഎമ്മുകാരനാണ്. സിപിഎം കുടുംബത്തില്‍ കയറി സിപിഎമ്മുകാര്‍ അക്രമം നടത്തിയ സംഭവത്തില്‍ പാര്‍ട്ടി വാദികളോടൊപ്പമാണ്. ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളം പ്രതികള്‍ക്കുവേണ്ടി ആദ്യം പരസ്യമായി രംഗത്തുവന്നുവെങ്കിലും പാര്‍ട്ടി അനിലിനെ തിരുത്തിയിട്ടുണ്ട്. ഇതോടെ പരസ്യമായി പ്രതികളെ സഹായിക്കാന്‍ അനില്‍ ബങ്കളമില്ല. മാതൃസഹോദരി പുത്രന്‍ മഹേഷ് കേസില്‍ കുടുങ്ങിയാല്‍ തനിക്ക് സഹായിക്കാതിരിക്കാന്‍ കഴിയുമോയെന്നാണ് അനിലിന്റെ ചോദ്യം. സ്റ്റേഷനില്‍ ഹാജരായ പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.

Post a Comment

0 Comments