കിനാനൂര്‍- കരിന്തളത്ത് കോണ്‍ഗ്രസിന് സമാന്തര മണ്ഡലം കമ്മറ്റി


പരപ്പ: കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിക്കെതിരെ ഡിസിസി നേതാവിന്റെ നേതൃത്വത്തില്‍ സമാന്തര മണ്ഡലം കമ്മറ്റി പ്രവര്‍ത്തിക്കുന്നതായി ആരോപണം.
ഇവര്‍ സമാന്തരമായി നടത്തുന്ന പല പാര്‍ട്ടി പരിപാടികള്‍ക്കും മണ്ഡലം പ്രസിഡണ്ടിനേയും അദ്ദേഹവുമായി അടുപ്പമുള്ളവരുമായി സഹകരിപ്പിക്കുന്നില്ലെന്നാണ് ആരോപണം.
കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി കുടിവെള്ളവിതരണമുള്‍പ്പെടെയുള്ള പദ്ധതികള്‍ നടത്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തിവരുമ്പോഴാണ് ഒരുവിഭാഗം സമാന്തരകമ്മറ്റിയുമായി രംഗത്തുവന്നതെന്നാണ് ആരോപണം. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി കരിന്തളത്ത് വിവിധ സ്ഥലങ്ങളില്‍ ടിവികള്‍ വിതരണം ചെയ്തപ്പോള്‍ ഇതില്‍ മണ്ഡലം പ്രസിഡണ്ടിനെയും മണ്ഡലത്തിലെ കെ.പി.സി.സി അംഗത്തേയും അറിയിച്ചില്ലത്രെ. കെ.പി.സി.സി അംഗം ഉള്‍പ്പെടുന്ന വാര്‍ഡില്‍ ടിവി വിതരണം ചെയ്തതും അദ്ദേഹത്തെ അറിയിച്ചില്ല. ഇതോടൊപ്പം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പുനസംഘടിപ്പിച്ചപ്പോഴും ചില നേതാക്കളുടെ താല്‍പ്പര്യപ്രകാരം അനര്‍ഹരെപോലും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്രെ. സിപിഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണം ഇത്തവണ പിടിച്ചെടുക്കാന്‍ എല്ലാവിധ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പാര്‍ട്ടിക്കുള്ളിലെ ഈ സമാന്തര പ്രവര്‍ത്തനം അതില്ലാതാക്കുമെന്നാണ് അണികള്‍ പറയുന്നത്. ഡിസിസി സെക്രട്ടറി കടുത്ത എ ഗ്രൂപ്പുകാരനും മണ്ഡലം പ്രസിഡണ്ട് ഐ ഗ്രൂപ്പുകാരനുമാണ്.

Post a Comment

0 Comments