സ്വകാര്യ ബസുകള്‍ ഓടിയില്ല; യാത്രക്കാര്‍ വലഞ്ഞു


നീലേശ്വരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലായതിന് പിന്നാലെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
നേരത്തെ ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഇന്നുമുതല്‍ ഓട്ടം നിര്‍ത്തിവെക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. എന്നാല്‍ ബസുടമകള്‍ പണിമുടക്കുന്ന കാര്യം അറിയില്ലെന്നും തല്‍ക്കാലത്തേക്ക് ബസ് ചാര്‍ജ് വര്‍ദ്ധനവ് ഉണ്ടാവില്ലെന്നുമാണ് ഗതാഗത വകുപ്പ് മന്ത്രി പറയുന്നത്. സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടും കെ.എസ്.ആര്‍.ടി.സി അധികസര്‍വ്വീസ് ഏര്‍പ്പെടുത്താത്തതാണ് യാത്രക്കാരെ വലച്ചത്. മണിക്കൂറുകള്‍ ഇടവിട്ട് വരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിപറ്റാന്‍ സാമൂഹ്യ അകലം പോലും ലംഘിച്ച് യാത്രക്കാര്‍ മത്സരിക്കുകയായിരുന്നു. ബസില്‍ നിന്ന് യാത്രചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം ഉണ്ടെങ്കിലും ബസ് ജീവനക്കാരുടെ നിര്‍ദ്ദേശം അവഗണിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാര്‍ ഇടിച്ചുകയറുകയായിരുന്നു.
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണസജ്ജമായതോടെ തീവണ്ടി സര്‍വ്വീസ് സാധാരണനിലയില്‍ ആവാത്തതിനാല്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും കെ.എസ്.ആര്‍.ടി.സി ബസുകളെയാണ് ആശ്രയിച്ചിരുന്നത്. ഇതോടെ സാധാരണനിലയേക്കാള്‍ യാത്രക്കാര്‍ അധികമായിരുന്നു.
അതേസമയം കാഞ്ഞങ്ങാടുനിന്നും പാണത്തൂരിലേക്ക് ഒരു സ്വകാര്യ ബസ് സര്‍വ്വീസ് നടത്തി. ഇതിലും സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു യാത്രക്കാരെ കയറ്റിയത്.

Post a Comment

0 Comments