ഇനി പോലീസ് സ്‌റ്റേഷനുകളിലും സാധാരണക്കാര്‍ക്ക് നിയമസഹായം


കാഞ്ഞങ്ങാട്: രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ളതുപോലെ കേരളത്തിലും പോലീസ് സ്‌റ്റേഷനുകളില്‍ നിയമസഹായത്തിനായി അഭിഭാഷകരെ നിയോഗിക്കും. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് തയ്യാറാക്കിയ നിയമസഹായരൂപരേഖ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഉടന്‍ സമര്‍പ്പിക്കും. നിയമസങ്കീര്‍ണതകള്‍ മനസിലാക്കിക്കൊടുക്കുകയല്ലാതെ, ഇവര്‍ വാദിക്കോ പ്രതിക്കോ വേണ്ടി കോടതിയില്‍ ഹാജാരാകാന്‍ പാടില്ലെന്ന വ്യവസ്ഥ രൂപരേഖയിലുണ്ട്. നിലവില്‍ കോടതികളില്‍ നിയമസഹായത്തിന് വ്യവസ്ഥയുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് പദ്ധതിക്ക് മുന്‍കൈയെടുക്കുന്നത്. അഭിഭാഷകന്റെ പേരും ഫോണ്‍ നമ്പരും സ്‌റ്റേഷനില്‍ പ്രദര്‍ശിപ്പിക്കും. ചോദ്യംചെയ്യാന്‍ വിളിപ്പിക്കപ്പെടുന്നവര്‍ക്കും അഭിഭാഷകന്റെ സേവനം ലഭ്യമാക്കും. സാധാരണക്കാര്‍ക്ക് ഭയമില്ലാതെ പോലീസിനെ സമീപിക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പാനലിലുള്ള അഭിഭാഷകരെയാകും നിയോഗിക്കുക.
ഇങ്ങനെ നിയോഗിക്കുന്ന അഭിഭാഷകന്‍ ചോദ്യംചെയ്യാന്‍ വിളിപ്പിക്കപ്പെട്ട വ്യക്തിക്കെതിരായ ആരോപണങ്ങള്‍ വിലയിരുത്തി ആരോപിക്കപ്പെടുന്ന കുറ്റവും ചോദ്യംചെയ്യലിന് വിളിപ്പിച്ച സാഹചര്യവും വിശദീകരിച്ച് എല്ലാ നിയമോപദേശവും നല്‍കും. എന്നാല്‍ പോലീസ് നിയമപരമായി ചോദ്യം ചെയ്യുന്നതില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ചെയ്യില്ല.
അനാവശ്യമായി അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായാല്‍ ഇടപെട്ട് നിയമവശങ്ങള്‍ വിശദീകരിച്ച് കേസിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പോലീസിനും നിയമോപദേശം നല്‍കും.
പ്രതി വിദേശിയെങ്കില്‍ നയതന്ത്രതലത്തില്‍ അറിയിക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയും ആവശ്യമെങ്കില്‍ പരിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്യും. എതിന്റെ ചെലവ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വഹിക്കും.
സ്ത്രീകളെ ചോദ്യംചെയ്യാന്‍ സ്‌റ്റേഷനിലേക്കോ താമസസ്ഥലത്തല്ലാതെ മറ്റൊരിടത്തേക്കോ വിളിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതും കുട്ടികള്‍ക്കു ജുവെനെല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അവകാശസംരക്ഷണത്തിനുള്ള പോലീസ് സ്‌റ്റേഷനില്‍നിന്നു ജാമ്യം ലഭിക്കാവുന്ന കുറ്റമെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുന്നതും അറസ്റ്റിലായ വ്യക്തിയുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുന്നതും അഭിഭാഷകന്റെ ഉത്തരവാദിത്വമാണ്.

Post a Comment

0 Comments