നീലേശ്വരം: പള്ളിക്കര മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡിനായി 150 ഓളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കിണറും പമ്പ് ഹൗസും പൊളിച്ചുമാറ്റുന്നതിന് റെയില്‍വെ പുതിയ കിണറിന്റെ നിര്‍മ്മാണം തുടങ്ങി.
1972 ലാണ് കിണറും പമ്പ്ഹൗസും നിര്‍മ്മിച്ചത്. ഇത് പൊളിച്ചുമാറ്റുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് റെയില്‍വേ പുതിയ കിണറും പമ്പ് ഹൗസും നിര്മ്മിച്ചുനല്കാന് തയ്യാറായത്.
ദേശീയപാതാ വികസനത്തോടൊപ്പം പള്ളിക്കര മേല്‍പ്പാലത്തിന്റെ അലൈന്മെന്റിന്റെ അവസാനഭാഗം എത്തുന്നത് പമ്പ് ഹൗസും കിണറും സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ്.
നാട്ടുകാര്‍ തങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിക്കെതിരെ രംഗത്തുവന്നതോടെയാണ് അലൈന്‍മെന്റിന് പുറത്തായി പുതിയ പമ്പ് ഹൗസും കിണറും പണിത് നല്‍കാമെന്ന് റെയില്‍വേ വാട്ടര്‍ അതോറിറ്റിക്ക് ഉറപ്പ് നല്‍കിയത്. ഇതനുസരിച്ചാണ് 12 മീറ്റര്‍ ആഴമുള്ള കിണര്‍ നിര്‍മ്മിക്കുന്നത്. 30,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള പൊളിക്കാതെ ഒഴിവാക്കിയിരുന്ന പഴയ കുടിവെള്ള ടാങ്ക് തന്നെ ഇതിനായി ഉപയോഗിക്കും.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിട്ടുനല്‍കിയ സ്ഥലത്താണ് പമ്പ് ഹൗസും കിണറും പണിതതെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വാദം. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസ് പൊളിക്കാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മേല്‍പ്പാലം നിര്‍മ്മാണം തുടങ്ങിയ ഘട്ടത്തില്‍ പ്രക്ഷോഭം നടത്തിയിരുന്നു. പമ്പ് ഹൗസിന് ചുറ്റും നിലവിലുണ്ടായിരുന്ന കുന്നിടിച്ച് വന്‍തോതില്‍ ചെമ്മണ്ണ് കടത്താന്‍ തുടങ്ങിയതോടെയാണ് പമ്പ് ഹൗസിന് വേണ്ടി നാട്ടുകാര്‍ രംഗത്തെത്തിയത്.
പഴയ കിണറില്‍ ഒരു മണിക്കൂര്‍ പമ്പ് ചെയ്യാനുള്ള വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും വെള്ളം കിട്ടാത്ത പ്രശ്നം നിലവിലുണ്ടായിരുന്നു.
0 Comments