ട്രോളിംഗ് നിരോധനം നാളെ മുതല്‍


കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നാളെ നിലവില്‍ വരും. ലോക്ക്ഡൗണ്‍ കാലത്തെ മാസങ്ങളായുള്ള നിരോധനം നീങ്ങി ഒരു മാസം കഴിയും മുമ്പേ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവും വരുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതം ഇരട്ടിയാക്കും.
കടലില്‍ ബോട്ടുകളില്‍ മത്സ്യ ബന്ധനത്തിനു പോകുന്നവരെ മാത്രമല്ല തലച്ചുമടായി വില്‍പ്പന നടത്തുന്ന സ്ത്രീകള്‍, സൈക്കിളിലും റിക്ഷകളിലുമായി മീന്‍ വില്‍ക്കുന്നവര്‍ തുടങ്ങി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയൊക്കെ നിരോധന കാലം പ്രതികൂലമായി ബാധിക്കും. സാധാരണയായി മഴക്കാലം തുടങ്ങുന്നതോടെ മത്തി, അയില എന്നിവയുടെ ചാകരപതിവാണ്. ബോട്ടു നിറയെ മീനുമായാണ് തൊഴിലാളികള്‍ തുറമുഖത്തെത്തുക. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായി സാധാരണക്കാരന്റെ ഇഷ്ടഭോജ്യമായ മത്തി കണി കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. ഏറെ നിരാശയോടെയാണ് ബോട്ടുകള്‍ കടലില്‍ നിന്ന് തിരിച്ചുവന്നത്. അതിനിടയിലാണ് ട്രോളിംഗ് നിരോധനവും വരുന്നത്.
ട്രോളിംഗ് നിരോധനത്തിനു മുന്നോടിയായി മടക്കരയും പരിസരങ്ങളും കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥലം വിട്ടു തുടങ്ങി. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് മറ്റെല്ലാ മേഖലയിലെന്ന പോലെ മടക്കര തുറമുഖവും അടച്ചിട്ടിരുന്നു. കഴിഞ്ഞ മേയ് ആറാം തീയ്യതി മുതലാണ് വീണ്ടും കടലില്‍ പോകാന്‍ തുടങ്ങിയത്. ഇനി നാളെ മുതല്‍ ട്രോളിംഗ് നിരോധനവും കൂടിയാകുന്നതോടെ മത്സ്യ ബന്ധന വിപണന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കഞ്ഞിക്കരി കണ്ടെത്താന്‍ മറ്റുവഴികള്‍ തേടേണ്ടി വരും.
മഴക്കാലത്തിന്റെ ആരംഭം മത്സ്യങ്ങളുടെ പ്രജനനകാലമായതിനാല്‍ യന്ത്രവല്‍കൃത ബോട്ടുകളുടെ ട്രോളിംഗ് മീന്‍മുട്ടകളെയും, കുഞ്ഞുങ്ങളെയും പാടെ നശിക്കാന്‍ ഇടയാകുമെന്നതിനാലാണ് മത്സ്യബന്ധനം നിരോധിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇത്തവണയും 52 ദിവസമാണ് പരമ്പരാഗത യാനങ്ങളൊഴികെയുള്ളവക്ക് കടലില്‍ മത്സ്യബന്ധനത്തിനുളള അനുമതി നിഷേധിച്ചിട്ടുള്ളത്.

Post a Comment

0 Comments