ട്രൂനാറ്റ് ടെസ്റ്റും പ്രത്യേക വിമാനവും; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി


ന്യൂഡല്‍ഹി: സംസ്ഥാനത്തേക്കു തിരിച്ചുവരുന്ന പ്രവാസികള്‍ക്കു യാത്ര പുറപ്പെടും മുമ്പ് ട്രൂനാറ്റ് ബീറ്റ കോവിഡ് ടെസ്റ്റ് നടത്തണമെന്നും കോവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേന്ദ്രം തള്ളി. ട്രൂനാറ്റ് പരിശോധന വിദേശ രാജ്യങ്ങളില്‍ അപ്രായോഗികമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പല രാജ്യങ്ങളും ട്രൂനാറ്റ് പരിശോധന അംഗീകരിച്ചിട്ടില്ല. കോവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതിലും പരിമിതിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയമാണ് സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് പരിശോധനക്ക് ശേഷമേ പ്രവാസികളെ കൊണ്ടുവരാവൂ എന്നും അതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നുമായിരുന്നു കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കോവിഡ് പോസിറ്റീവ് ആയവരില്‍ നിന്നും വിമാനത്തില്‍ വെച്ച് മറ്റുള്ളവരിലേക്ക് പകരാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.
കോവിഡ് ബാധിതരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രവാസികള്‍ക്കു കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ചെലവു കുറഞ്ഞ ട്രൂനാറ്റ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് സംസ്ഥാനം നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ സഹകരണം തേടി സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.
എന്നാല്‍ സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ട്രൂനാറ്റ് ടെസ്റ്റ് പല ഗള്‍ഫ് രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഇത്തരത്തില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം പല രാജ്യങ്ങളിലുമില്ല. എംബസികള്‍ മുെൈന്‍കയെടുത്ത് ഇതു നടപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രയോഗത്തില്‍ വരുത്താന്‍ പ്രയാസമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

Post a Comment

0 Comments