സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധ കുതിച്ചുയരുന്നു; സംസ്ഥാനത്ത് പരിശോധനയും റിവേഴ്‌സ് ക്വാറന്റീനും ശക്തമാക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം കുതിച്ചുയരുന്നു.
കഴിഞ്ഞ 11 ദിവസത്തിനിടെ 93 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളില്‍ ഒരു ദിവസമൊഴികെ ബാക്കി എല്ലാ ദിവസവും എണ്‍പതിന് മുകളില്‍ രോഗികളുണ്ട്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ മടങ്ങിവരവ് ശക്തമായ സാഹചര്യത്തില്‍ രോഗവ്യാപന തോത് കൂടുമെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ കണക്കുകൂട്ടിയിരുന്നു.
പക്ഷെ, സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്നതിലാണ് ആശങ്ക. ഇതിനിടയില്‍ ധ്രുത പരിശോധനയില്‍ ഇരുപത് പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു എന്നുള്ള അനൗദ്യോഗിക വിവരം കൂടി പുറത്തുവരുന്നുണ്ട്. ധ്രുത പരിശോധനയുടെ ഫലം പിന്നീടാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടുക. ഈ കണക്കുകൂടി ചേരുമ്പോള്‍ പത്ത് ദിവസത്തെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ നൂറിന് മുകളിലെത്തും. ഈ സാഹചര്യത്തില്‍ പരിശോധനയും റിവേഴ്‌സ് ക്വാറന്റീനും ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 83 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 62 പേര്‍ രോഗമുക്തി നേടി. കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ഇന്നലെ മാത്രം സമ്പര്‍ക്കം മൂലം 14 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
തൃശ്ശൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതില്‍ നാല് പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികളാണ്. നാല് പേര്‍ വെയര്‍ ഹൗസില്‍ ഹെഡ് ലോഡിംഗ് തൊഴിലാളികളുമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണത്തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതും വളരെ ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

Post a Comment

0 Comments