കോണ്‍ഗ്രസ് നേതാവ് സുരേന്ദ്രന്റെ മരണം രാഷ്ട്രീയ വിവാദത്തിലേക്ക്


കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി ഉന്നയിച്ച ആരോപണം കണ്ണൂരില്‍ രാഷട്രീയ വിവാദമായി മാറുന്നു. ആരോപണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. ആരോപണം അനവസരത്തിലാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് കോണ്‍ഗ്രസ് മറുപടി നല്‍കുന്നത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ കെ.സുരേന്ദ്രന്റെ മരണത്തിന് പിന്നാലെ കെപിസിസി അംഗം തന്നെ നടത്തിയ ആരോപണങ്ങളാണ് വിവാദത്തില്‍ തുടക്കം. കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയ സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് കെ.സുരേന്ദ്രന്റെ മരണമെന്നായിരുന്നു കെപിസിസി നിര്‍വാഹക സമിതി അംഗം കെ.പ്രമോദിന്റെ ആരോപണം. അടുത്ത തവണ മേയര്‍ സ്ഥാനം സുരേന്ദ്രന് ലഭിക്കുമെന്ന് ആശങ്കയുളള ചിലരാണ് ഇതിന് പിന്നിലെന്നും ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയാണ് കെ.സുരേന്ദ്രനെതിരെ സൈബര്‍ ആക്രമണം നടത്തിയതെന്നും ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. പ്രമോദിന്റെ ആരോപണം അനവസരത്തിലാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കണ്ണൂരില്‍ പുതിയ രാഷ്ട്രീയ വിവാദമുണ്ടായിരിക്കുന്നത്.
അതേസമയം സുരേന്ദ്രന്റെ മരണം വിവാദമായതിന് പിന്നാലെ, കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ.മോഹനന്റെ മരണത്തിലും ദുരൂഹത ഉയര്‍ന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു.
മുന്‍ ഡിസിസി അംഗവും കണ്ണൂര്‍ ബ്ലോക്ക് അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ മോഹനനെ മെയ് 20 നാണ് കണ്ണൂര്‍ തളാപ്പിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കെ.സുരേന്ദ്രന്റെ മരണത്തില്‍ ആരോപണം ഉന്നയിച്ച കെപിസിസി അംഗം കെ.പ്രമോദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സംഭവ ദിവസം രാവിലെ 9.30ന് സൊസൈറ്റിയിലെ അറ്റന്‍ഡറായ രാജേഷിനെ ഫോണില്‍ വിളിച്ച് അടിയന്തരമായി എത്തണമെന്ന് മോഹനന്‍ ആവശ്യപ്പെട്ടിരുന്നു. 10.30ന് രാജേഷ് വീട്ടില്‍ എത്തിയപ്പോഴേക്കും മോഹനനെ മരിച്ചനിലയിലാണ് കണ്ടത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണന്‍ മോഹനനെ തലേദിവസം മര്‍ദ്ദിച്ചതായും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. രാധാകൃഷ്ണന്‍ മുമ്പ് കെ സുധാകരന്‍ എംപിയുടെ അടുത്ത അനുയായിയായിരുന്നു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments