ഉദുമ: കല്യാണം ഉറപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ജ്യൂസില്‍ മയക്കുമരുന്ന് നല്കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിനെതിരെ പോക്സോ കുറ്റവും ഐടി ആക്റ്റും ചുമത്തി പോലീസ് കേസെടുത്തു.
ചിത്താരിയിലെ അബൂബക്കറിന്റെ മകന് ഷിഹാബുദ്ദീന്(30)നെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. 2019 ഏപ്രില്‍ 15 നാണ് ഷിഹാബുദ്ദീന് പനയാലിനടുത്തുള്ള പെണ്‍കുട്ടിയെ വീട്ടില്‍ ചെന്ന് പെണ്ണുകണ്ടത്. തുടര്‍ന്ന് കല്യാണം കഴിക്കാമെന്ന് വാക്കുനല്കുകയും ചെയ്തു. പിന്നീട് മൊബൈല്‍ ഫോണില്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ കഴിഞ്ഞമാസം പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിലെത്തിച്ച് മയക്കുമരുന്ന് കലര്‍ന്ന ജ്യൂസ് നല്കി പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്ത് ചില ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തുവത്രെ. പീഡനത്തിനിരയായ വിവരം പെണ്‍കുട്ടിതന്നെയാണ് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്നാണ് ഷിഹാബുദ്ദീനെതിരെ ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കുറ്റപ്രകാരവും ഫോണില്‍ വിളിച്ച് സംസാരിക്കുകയും ഫോട്ടോ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തതിനുമാണ് ഐടി ആക്ട് പ്രകാരവും കേസെടുത്തത്.
0 Comments