കടയുടെ പൂട്ട് തകര്‍ത്ത് സാധനങ്ങള്‍ നശിപ്പിച്ചു; പെരിയയില്‍ ഹര്‍ത്താല്‍


പെരിയ: കടയുടെ പൂട്ട്‌പൊട്ടിച്ച് കെട്ടിട ഉടമ കടയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് പെരിയ ടൗണില്‍ വ്യാപാരികള്‍ മിന്നല്‍ ഹര്‍ത്താല്‍ നടത്തി.
കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കല്യോട്ടെ ബാബുരാജ് പെരിയ ടൗണില്‍ തുടങ്ങിയ പച്ചക്കറികടയിലെ സാധനങ്ങളാണ് കെട്ടിട ഉടമ നശിപ്പിച്ചത്. ബാബുരാജ് മുമ്പ് പെരിയയിലെ പി.വി.ചിണ്ടന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അഭിരാം ടെക്‌സ്റ്റൈല്‍സ് നടത്തിയിരുന്നു. പിന്നീട് അത് പൂട്ടിയിട്ടു. ഈ സമയത്ത് കെട്ടിട ഉടമയും പൂട്ടിന് മുകളില്‍ മറ്റൊരു പൂട്ടിട്ടു. ഈ പൂട്ട് പൊട്ടിച്ചശേഷമാണ് വസ്ത്രങ്ങള്‍ ഒഴിവാക്കി ഇതേ കടയില്‍ ബാബുരാജ് കഴിഞ്ഞദിവസം പച്ചക്കറി കച്ചവടം തുടങ്ങിയത്. ബാബുരാജ് ഇട്ട പൂട്ടാണ് കെട്ടിട ഉടമ പൊട്ടിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് പെരിയയിലെ വ്യാപാരികള്‍ ഇന്ന് രാവിലെ മിന്നല്‍ ഹര്‍ത്താല്‍ നടത്തുകയായിരുന്നു.
ബാബുരാജ് മുമ്പ് അഭിഭാഷകനായി ഹോസ്ദുര്‍ഗ് കോടതിയില്‍ പ്രാക്ടീസ് നടത്തിയിരുന്നു. പിന്നീട് പെരിയ ഇരട്ടക്കൊലപാതകം നടന്നതോടെ പ്രതികള്‍ക്കെതിരെയുള്ള പ്രക്ഷോഭരംഗത്ത് സജീവമായി. ഇതിന് പിന്നാലെ പെരുങ്കളിയാട്ടത്തിന്റെ നേതൃനിരയിലായിരുന്നു. ഇതിന്റെയെല്ലാം തിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ബാബുരാജ് പച്ചക്കറി കച്ചവടത്തിന് തുടക്കം കുറിച്ചത്.

Post a Comment

0 Comments