ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയില്‍ പോയ യുവാവിന് കോവിഡ്; മലയോരത്ത് ജനങ്ങള്‍ ഭീതിയില്‍


കരിന്തളം: ഭാര്യയുടെ പ്രസവത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ മലയോരത്ത് ഭീതിപടര്‍ന്നു.
കരിന്തളം കോയിത്തട്ട സ്വദേശിയും കഴിഞ്ഞ ഒന്നരമാസമായി കടുമേനി പട്ടയങ്ങാനം പട്ടികജാതി കോളനിയില്‍ താമസക്കാരനുമായ 28 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 23 ന് രാത്രി ഇയാളുടെ ഭാര്യയെ പ്രസവത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 24 ന് രാവിലെ യുവതിയുടെ ആരോഗ്യനില വഷളായതിനെതുടര്‍ന്നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനിടെ ഇയാളുടെ അമ്മയും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി. ചുമ ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചതിനെതുടര്‍ന്നാണ് 27 ന് ഇയാളുടെ സ്രവം ശേഖരിച്ചത്. ഈ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് മലയോരത്തുള്‍പ്പെടെയുള്ളവര്‍ ഭീതിയിലായത്. കോവിഡ്ബാധിതന്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഓട്ടോറിക്ഷയിലാണ് പട്ടേങ്ങാനത്തെത്തിയത്. അന്നുരാത്രി പട്ടേങ്ങാനത്തെ ഒരു മരണാനന്തര ചടങ്ങിലും പങ്കെടുത്തു.
തിങ്കളാഴ്ചയാണ് യുവാവിന്റെ ഭാര്യയും അമ്മയും വീട്ടില്‍ തിരിച്ചെത്തുന്നത്. അമ്മ ഇന്നലെ പട്ടേങ്ങാനത്തേക്കുവന്ന മകള്‍ക്കൊപ്പം കോയിത്തട്ടയിലെ വീട്ടിലേക്ക് തിരിച്ചുപോയി. പട്ടേങ്ങാനത്തെ ഭാര്യവീട്ടില്‍ 12 പേരാണ് താമസിക്കുന്നത്.
ഇവരുടെ വീട്ടുപരിസരത്തായി 25 വീടുകള്‍ വേറെയുമുണ്ട്. മാത്രവുമല്ല യുവാവ് ബാങ്ക്, ബാര്‍ബര്‍ഷോപ്പ് എന്നിവിടങ്ങളിലും പോയി. അതിനാല്‍ തന്നെ സമൂഹവ്യാപനം ഏറെ ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ യുവാവിന്റെ സമ്പര്‍ക്കപട്ടിക കണ്ടെത്താനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. കൂലിപ്പണിക്കാരനായ യുവാവ് ലോക് ഡൗണ്‍ ആയതിനാല്‍ കഴിഞ്ഞ ഒന്നരമാസത്തോളം ജോലിക്കും പോയിരുന്നില്ല.

Post a Comment

0 Comments