ആപ്പ് ആപ്പിലായി; മദ്യവില്‍പ്പന കുത്തനെ ഇടിഞ്ഞു; വെബ്‌കോ ആപ്പ് സര്‍ക്കാര്‍ ഒഴിവാക്കിയേക്കും


കാഞ്ഞങ്ങാട്: നാല് പോലീസുകാരെ വെച്ചു ചെയ്യേണ്ട പണിക്ക് ലക്ഷങ്ങള്‍ മുടക്കി ആപ്പുണ്ടാക്കി ആപ്പിലായ എക്‌സൈസ് വകുപ്പ് ബെവ്ക്യൂ ആപ്പിനെ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു. ബാറുകളില്‍ മദ്യം വിളമ്പാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മദ്യവില്‍പ്പനക്കുള്ള വെര്‍ച്യൂല്‍ ക്യൂ ആപ്പായ ബെവ് ക്യു ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിവറേജസ് കോര്‍പ്പറേഷന് മൊബൈല്‍ ആപ്പ് നഷ്ടമുണ്ടാക്കുന്നുവെന്നതാണ് കാരണം. ഇന്നു മുതല്‍ റസ്റ്റോറന്റുകള്‍ തുറക്കുന്നുണ്ടെങ്കിലും ബാറുകളിലെ മദ്യക്കച്ചവടത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. ബാറുകളിലെ കച്ചവടം തടസ്സപ്പെട്ടതുകൊണ്ടാണ് മദ്യം പാഴ്‌സലായി വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. എന്നാല്‍, ഫലത്തില്‍ ഇതുകൊണ്ടു പണി കിട്ടിയത് ബീവറേജസ് കോര്‍പ്പറേഷനായിരുന്നു.
ബിവറേജസിന് കച്ചവടം കുറഞ്ഞതിനെത്തുടര്‍ന്ന് മൊബൈല്‍ ആപ്പ് ഉടന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. ആപ്പ് പിന്‍വലിച്ചാലും ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പന നിര്‍ത്താവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഔട്ട്‌ലെറ്റുകളില്‍ മാത്രമായി വില്‍പ്പന അനുവദിച്ചാല്‍ മദ്യശാലകള്‍ക്കുമുന്നില്‍ തിരക്കുണ്ടാകും. പൊതുമേഖലാ ഔട്ട്‌ലെറ്റുകള്‍ക്ക് പഴയപടി കുപ്പിയോടെ മദ്യംവില്‍ക്കാനുള്ള കുത്തക അവകാശം നല്‍കിയാല്‍ മാത്രമേ ബെവ്‌കോയ്ക്ക് നേട്ടമുണ്ടാകൂ. മദ്യത്തിന്റെ കുത്തക കച്ചവട അവകാശമുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ പ്രധാന വരുമാനം റീട്ടെയില്‍, വെയര്‍ഹൗസ് മാര്‍ജിനുകളാണ്. ചെറുകിട വില്‍പ്പനയില്‍ 20 ശതമാനവും മൊത്തവില്‍പ്പനയില്‍ എട്ടുശതമാനവുമാണു ലാഭം.
വെയര്‍ഹൗസുകളില്‍നിന്ന് വരുമാനം കുറവാണ്. ഇവിടെനിന്നാണ് ബാറുകള്‍ക്കും മദ്യം നല്‍കുന്നത്. ബാറുകളില്‍ കച്ചവടം കൂടുമ്പോള്‍ എട്ടുശതമാനം മാത്രമായിരിക്കും കോര്‍പ്പറേഷന് കിട്ടുക. ഇതിനുപകരം സ്വന്തം ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുമ്പോള്‍ ഇരട്ടിയാണു ലാഭം. ബാറുകള്‍ക്ക് ആനുപാതികമായി ബിവറേജസ് ഔട്ട്‌ലെറ്റുകളില്ല. ഒരു ഔട്ട് ലെറ്റിനു പരിസരത്ത് നിരവധി ബാര്‍ ഹോട്ടലുകളുണ്ട്. ഔട്ട് ലെറ്റില്‍ ലഭിക്കേണ്ട കച്ചവടം ഇവയിലേക്ക് വീതിച്ചതോടെയാണ് കോര്‍പ്പറേഷന്റെ വരുമാനം കുത്തനെ ഇടിഞ്ഞത്.
എട്ടുലക്ഷം രൂപ ദിവസവില്‍പ്പനയില്ലാത്ത ഔട്ട്‌ലെറ്റുകള്‍ നഷ്ടമാണെന്നാണ് കോര്‍പ്പറേഷന്റെ നിഗമനം. ഇത്തരത്തില്‍ 64 എണ്ണമുണ്ടെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 15 ലക്ഷം വരെ ദിവസവരുമാനമുണ്ടായിരുന്ന ഔട്ട് ലെറ്റുകളിലെ വിറ്റുവരവ് ഇപ്പോള്‍ മൂന്നുലക്ഷമാണ്. ലോക്ഡൗണിനുശേഷം കച്ചവടം പുനരാരംഭിച്ചെങ്കിലും മിക്കയിടത്തും പുതിയ സ്റ്റോക്ക് എടുത്തിട്ടില്ല. കച്ചവടം കുറവായതാണു കാരണം.
അതേസമയം ബവ് ക്യൂവിലെ ടോക്കണ്‍ ബാറുകളിലേക്ക് പോയതോടെ കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകള്‍ക്കും കനത്ത തിരിച്ചായിരുന്നു. ആപ്പുമായി മുന്നോട്ടു പോകാനാകില്ലെന്നു കാട്ടി കണ്‍സ്യൂമര്‍ ഫെഡും സര്‍ക്കാരിനു കത്ത് നല്‍കി. മദ്യക്കടകളില്‍ നിന്നുള്ള വരുമാനത്തിലാണ് ത്രിവേണിയടക്കമുള്ള കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
മദ്യത്തിനു ടോക്കണിനായുള്ള ബവ് ക്യൂ ആ പ് വരുന്നതിനു മുന്‍പ് കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രതിദിന വില്‍പ്പന ശരാശരി 6 കോടിരൂപയായിരുന്നു.എന്നാല്‍ ഇപ്പോഴത് ശരാശരി 2.5 കോടിയായി കുറഞ്ഞു. ആപ് വന്നതോടെ ഔട്ട് ലെറ്റിലേക്കുള്ള കൂപ്പണ്‍ വരവ് ഗണ്യമായി കുറഞ്ഞു ഒപ്പം മദ്യവില്‍പനയും. ബിയര്‍ വില്‍പ്പന 1 ലക്ഷത്തില്‍നിന്ന് 30,000 ആയി. ഇതോടെയാണ് ആപ്പുമായി മുന്നോട്ടുപോകാനാകില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് സര്‍ക്കാരിനു കത്തു നല്‍കിയത്. ആപ്പ് ഇങ്ങനെ തുടര്‍ന്നാല്‍ മദ്യശാലകള്‍ പൂട്ടേണ്ടിവരുമെന്ന് ബവ്‌കോയും അധികൃതരെ അറിയിച്ചിരുന്നു.
കണ്‍സ്യൂമര്‍ഫെഡിന്റെ മിക്ക ഷോപ്പുകള്‍ക്കും പ്രതിദിനം 400 ടോക്കണുകള്‍ ലഭിക്കുന്നില്ല.

Post a Comment

0 Comments