കൂടുമത്സ്യകൃഷിയില്‍ പുതുചരിത്രം തീര്‍ത്ത് പ്രിയദാസന്‍


ചെറുവത്തൂര്‍: പാരമ്പര്യത്തിന്റെ വഴിയില്‍ നിന്ന് മാറി കൂടുമത്സ്യ കൃഷിയില്‍ പുതുചരിത്രം രചിക്കുകയാണ് പടന്ന തെക്കേകാട്ടിലെ പ്രിയദാസന്‍ എന്ന യുവാവ്. പുഴയോരത്ത് താമസിക്കുന്ന ദാസന് സ്വന്തമായി വലയും വള്ളവുമുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കാത്ത കൂടുമത്സ്യ കൃഷിയിലാണ് ദാസന് കമ്പം.
ലാഭമായിരുന്നില്ല തന്റെ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു വഴികാട്ടിയാകണമെന്നൊരു ചിന്തയില്‍നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കൂടു കൃഷി തുടങ്ങിയത്. ഇന്ന് സ്വന്തമായി ഹാച്ചറിവരെ വളര്‍ത്തി എടുക്കുന്നതിലേക്ക് പ്രിയദാസനെ എത്തിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യത്തൊഴിലാളികള്‍ കടലിലും പുഴയിലും ഇറങ്ങാന്‍ കഴിയാതെ, സര്‍ക്കാരിന്റെ സഹായം കാത്തുനിന്നപ്പോള്‍ പ്രിയദാസന് അപ്പോഴും നല്ല വരുമാനം ലഭിച്ചിരുന്നു. മത്സ്യകൃഷിയിലൂടെയും കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയും ലോക്ക് ഡൗണ്‍ കാലത്ത് അഞ്ച് സെന്റ് സ്ഥലമുള്ളവര്‍പോലും പരിമിതികള്‍ക്ക് അകത്ത് നിന്നുകൊണ്ട് വീട്ടുപറമ്പില്‍ കുഴികുത്തി മത്സ്യകൃഷി തുടങ്ങി.
എല്ലാവരുടെയും ആശ്രയം പ്രിയദാസന്റെ ഹാച്ചറിയിലെ മത്സ്യക്കുഞ്ഞുങ്ങളും അനുഭവവും. അമ്പതും അറുപതും രൂപയ്ക്ക് വന്‍കിട ഹാച്ചറികളില്‍നിന്ന് വില്‍പ്പന നടത്തിയിരുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ഇയാള്‍ ഈടാക്കുന്നത് പത്ത് മുതല്‍ ഇരുപത് രൂപവരെയാണ്. വളാഞ്ചി, കരിമീന്‍, ചെമ്പല്ലി, വളോടി തുടങ്ങിയ ഇനം മത്സ്യങ്ങളെയാണ് കൂടുകൃഷിയിലൂടെ വളര്‍ത്തി എടുക്കുന്നത്. കലര്‍പ്പില്ലാത്ത, വിഷം ചേര്‍ക്കാത്ത മത്സ്യത്തിന് ആളുകളേറെയാണ് പ്രിയദാസനെ തേടി തെക്കേകാട്ടിലേക്ക് എത്തുന്നത്.
അദ്ധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ സാധാരണക്കാരന്റെ പോലും വരുമാനത്തെ ബാധിക്കില്ലെന്നാണ് പ്രിയദാസന്‍ തന്റെ അനുഭവം സാക്ഷിനിര്‍ത്തി പറയുന്നത്. മത്സ്യ മേഖലയിലെ സേവനങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക അവാര്‍ഡും ഈ യുവാവിനെ തേടി എത്തിയിട്ടുണ്ട്. കൃഷ്ണന്റെയും മാധവിയുടെയും മകനാണ് പ്രിയദാസന്‍. സജിതയാണ് ഭാര്യ. മാധവ് കൃഷ്ണയും യാദവ് കൃഷ്ണയും മക്കളാണ്.

Post a Comment

0 Comments