കരിന്തളം: കേരളത്തിന് കേന്ദ്രം അനുവദിച്ച നാല് യോഗ പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തില്‍ ആദ്യമായി തറക്കല്ലിട്ട കരിന്തളത്ത് ഒന്നര വര്‍ഷം തികയാറായിട്ടും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് രാഷ്ട്രീയ വിവേചനമാണെന്ന പരാതി ശക്തമാകുന്നു. കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴില്‍ അനുവദിച്ച കേന്ദ്രത്തിന് 2019 ജനുവരി 19 ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ അദ്ധ്യക്ഷതയില്‍ ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായക്കായിരുന്നു തറക്കല്ലിട്ടത്. അന്ന് ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടം പണി പൂര്‍ത്തികരിക്കും എന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. 100 കിടക്കകളോടെയുള്ള ആശുപത്രി, യോഗ കേന്ദ്രം, ഗവേഷണ കേന്ദ്രം എന്നിവയോടെ തുടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഗവേഷണ കേന്ദ്രത്തിനായി കിനാനൂര്‍-കരിന്തളത്ത് 15 ഏക്കര്‍ ഭൂമി റവന്യു വകുപ്പ് ഒരു വര്‍ഷം മുമ്പ് തന്നെ കൈമാറിയതാണ്. റവന്യു വകുപ്പ് പെട്ടെന്ന് തന്നെ ഭൂമി കൈമാറിയതോടെയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ടത്.
കരിന്തളം സി.പി.എം ഭരിക്കുന്ന പഞ്ചായത്തായതിനാല്‍ യോഗകേന്ദ്രം വരുന്നതില്‍ ചില കോണുകളില്‍ നിന്ന് എതിര്പ്പുയര്ന്നുവന്നിരുന്നുവത്രെ. എന്നാല്‍ ഈ ആരോപണം ബിജെപി നേതൃത്വം നിഷേധിക്കുന്നു.
കിനാനൂര്‍ -കരിന്തളത്ത് അനുവദിച്ച യോഗ പ്രകൃതിചികിത്സ ഗവേഷണ കേന്ദ്രത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അതിനിടയില്‍ കൊവിഡ് 19 ഉം ലോക്ക് ഡൗണും വന്നതാണ് കാലതാമസം നേരിട്ടത്. യാതൊരു കാരണവശാലും കരിന്തളത്ത് അനുവദിച്ച യോഗ പ്രകൃതിചികിത്സ ഗവേഷണ കേന്ദ്രം നഷ്ടപ്പെടില്ലെന്നും ബി. ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറയുന്നു.
0 Comments